ന്യൂഡല്‍ഹി: പാക് ചലച്ചിത്ര താരങ്ങള്‍ അഭിനയിച്ച സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ സൈന്യത്തിന്റെ ക്ഷേമ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കണമെന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുടെ നിബന്ധനക്കെതിരെ പ്രതിഷേധമുയരുന്നു. സൈന്യത്തെ ഇത്തരം രാഷ്ട്രീയ വിഷയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി സൈനികര്‍ രംഗത്തെത്തി.
സൈനിക ക്ഷേമനിധിയിലേക്ക് സംഭാവനകള്‍ നല്‍കേണ്ടത് ആരെയും നിര്‍ബന്ധിച്ചിട്ടല്ല. സ്വന്തം ഇഷ്ടപ്രകാരം ആരെങ്കിലും തന്നാല്‍ സംഭാവനകള്‍ തന്നാല്‍ സ്വീകരിക്കുമെന്നല്ലാതെ ആരെയും ഭീഷണിപ്പെടുത്തി പണം വാങ്ങിക്കേണ്ട ഗതികേട് സൈനികര്‍ക്കില്ലെന്ന് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യം ഒരു രാഷ്ട്രീയ കക്ഷിക്കും കീഴില്‍ പ്രവര്‍ത്തിക്കുന്നവരല്ല. ഇത്തരം വിഷയങ്ങളില്‍ സൈന്യത്തെ വലിച്ചിഴക്കുന്നത് നല്ലതല്ലെന്നും ഇപ്പോള്‍ വാഗ്ധാനം ചെയ്യപ്പെട്ടിരുക്കുന്ന പണം സ്വീകരിച്ചാല്‍ സൈന്യത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യെ ദില്‍ ഹെ മുശ്കില്‍ എന്ന സിനിമയില്‍ പാക് താരം ഫവാദ് ഖാന്‍ അഭിനയിച്ചതിനെ തുടര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന കടുത്ത നിലപാടെടുത്തതാണ് വിവാദമായത്.
പിന്നീട് കരണ്‍ ജോഹര്‍, മഹാരാഷ്ട്ര നവനിര്‍മ്മാണ സേനാ പ്രസിഡന്റ് രാജ് താക്കറെ, ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രസിഡന്റ് മഹേഷ് ഭട്ട് എന്നിവര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയത്. ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു വിഹിതം സൈന്യത്തിന്റെ ക്ഷേമ കാര്യങ്ങള്‍ക്കായി നല്‍കാമെന്നും ഉറപ്പു നല്‍കിയതോടെയാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്. പാകിസ്ഥാനി താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും സ്വന്തം സിനിമയില്‍ സഹകരിപ്പിച്ചവര്‍ അഞ്ചു കോടി രൂപ സൈനിക ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കേണ്ടിവരുമെന്ന് ചര്‍ച്ചയ്ക്കുശേഷം പുറത്തിറങ്ങിയ രാജ് താക്കറെ പ്രതികരിച്ചു. ഭാവിയില്‍ പാക്ക് താരങ്ങളുമായി ചേര്‍ന്നു സിനിമ ചെയ്യില്ലെന്ന് എഴുതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
No comments:
Post a Comment