Tuesday, 25 October 2016

മുതല വരുന്നു;തീരത്തേയ്ക്ക് വായ് പിളര്‍ന്ന് 'മുതല' ചുഴലിക്കാറ്റ്; അതീവ ജാഗ്രതാ നിര്‍ദേശം


 

കൊല്‍ക്കത്ത : ഇന്ത്യയുടെ വടക്കു കിഴക്കന്‍ തീരങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് 'മുതല' ചുഴലിക്കാറ്റെത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. നാലു ദിവസമായി വട്ടംചുറ്റി നിന്ന മേഘങ്ങള്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടത്.

'ക്യാന്ത്' എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് രണ്ടു ദിവസത്തിനുള്ളില്‍ ബംഗ്ലദേശിലേയ്‌ക്കോ കൊല്‍ക്കത്തയുടെ കിഴക്ക് ഭാഗത്തേയ്‌ക്കോ വീശിയടിക്കാനാണ് സാധ്യത. ലോക കാലാവസ്ഥാ സംഘടന അംഗീകരിച്ച പട്ടികയിലേയ്ക്ക് മ്യാന്‍മര്‍ നിര്‍ദേശിച്ച ഈ പേരിന് 'എല്ലാം വിഴുങ്ങുന്ന മുതല' എന്നാണ് അര്‍ത്ഥം.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലേയ്ക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാറ്റ് ഒഡീഷ ഭാഗത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറില്‍ ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മണിക്കൂറില്‍ 80-100 കിലോമീറ്റര്‍ വരെ ശക്തിയുള്ള കാറ്റും 15-20 സെന്റീമീറ്റര്‍ വരെ പേമാരിയും ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

No comments:

Post a Comment