തൊഴിലാളികള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന ദീപാവലി സമ്മാനവുമായി പണത്തിന്റെ വിലയറിയാന്‍ മകനെ കേരളത്തിലെ ഹോട്ടലുകളില്‍ ജോലിക്ക് പറഞ്ഞയച്ച ശതകോടീശ്വരന്‍ വീണ്ടും. 400 ഫ്ലാറ്റുകളും 1260 കാറുകളുമാണ് സൂറത്തിലെ ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്‌സ് ഉടമ സാവ്ജി ധോലാകിയ തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി നല്‍കിയത്. 51 കോടി രൂപ ഇതിനായി ചെലവഴിച്ചു.
വജ്രവ്യാപാര സ്ഥാപനമായ ഹരേകൃഷ്ണ എക്‌സ്‌പോര്‍ട്‌സിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗം കൂടിയായാണ് തൊഴിലാളികള്‍ക്ക് സ്വപ്‌നസമാനമായ ബോണസ് നല്‍കിയത്. മികച്ച പ്രകടനം കാഴ്ച്ചവെച്ച 1716 തൊഴിലാളികള്‍ക്കാണ് ദീപാവലി സമ്മാനമായി കാറുകളും ഫ്‌ലാറ്റുകളും ലഭിച്ചത്. ചൊവ്വായഴ്ച്ച തൊഴിലാളികള്‍ക്കായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ബോണസ് പ്രഖ്യാപിച്ചത്.
സൂററ്റിലെ 6000 കോടിയിലേറെ രൂപ വാർഷിക വിറ്റുവരവുള്ള ഹരേകൃഷ്ണ എക്സ്പോർട്സ് ഡയമണ്ട് കമ്പനിയുടെ ഉടമയാണു സാവ്ജി ധൊലാക്കിയ. തന്റെ 21 വയസ്സുള്ള മകൻ ദ്രവ്യയെ ഒരുമാസം ‘ദരിദ്രജീവിതം’ പഠിക്കാൻ മൂന്നു ജോടി വസ്ത്രങ്ങളും 7000 രൂപയും (അത്യാവശ്യമില്ലെങ്കിൽ എടുക്കരുതെന്ന നിർദേശത്തോടെ) കേരളത്തിലേക്ക് ഒരുമാസത്തേക്ക് അയച്ചത് അടുത്തിടെ. പതിനായിരത്തിലേറെ പേർ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമകളിലൊരാളായ ദ്രവ്യ വേഷംമാറി, കൊച്ചിയിൽ ജോലിതേടി അലഞ്ഞതും ശേഷം ചില താൽക്കാലിക ജോലികൾ ചെയ്തതും അമ്പരപ്പിച്ച കഥ.
സാവ്ജി ധോലാകിയ
കഴിഞ്ഞ വര്‍ഷം ധൊലാകിയയുടെ സ്ഥാപനം 491 കാറുകളും 200 ഫ്‌ലാറ്റുകളും തൊഴിലാളികള്‍ക്ക് ബോണസായി നല്‍കിയിരുന്നു. ഗുജറാത്തിലെ അമരേലി ജില്ലയില്‍ നിന്നുള്ള ഈ വജ്രവ്യാപാരി മകന്‍ ദ്രവ്യയെ ജീവിതം പഠിക്കാന്‍ കേരളത്തിലെ ഹോട്ടലുകളിലും മറ്റു ചെറുകിട സ്ഥാപനങ്ങളിലും ജോലിക്ക് അയച്ചത് വലിയ വാര്‍ത്തയായിരുന്നു. വെറും 7000 രൂപ മാത്രം നല്‍കിയായിരുന്നു മകനെ ജോലി തേടാന്‍ വിട്ടത്.
തൊഴിലാളികള്‍ക്ക് വന്‍ ബോണസ് പ്രഖ്യാപിച്ച് ശ്രദ്ധ നേടിയെങ്കിലും ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സിന് ചീത്തപ്പേരുമുണ്ട്. മുസ്ലിമായതിന്റെ പേരില്‍ ഉദ്യോഗാര്‍ത്ഥിയുടെ അപേക്ഷ തള്ളിയതിന് കമ്പനിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. എംബിഎ ബിരുദദാരിയായ സിഷാന്‍ അലി ഖാന്റെ അപേക്ഷയാണ് തങ്ങള്‍ മുസ്ലിമല്ലാത്തവരെ മാത്രമെ ജോലിക്കെടുക്കുന്നുള്ളൂ എന്ന് കാണിച്ച് തള്ളിയത്. ഇത് വലിയ വിവാദത്തിന് ഇടയാക്കിയതോടെ കമ്പനിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
No comments:
Post a Comment