Tuesday, 25 October 2016

ഏഷ്യാനെറ്റില്‍ ഇനി താമര വിരിയും


കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ ഏഷ്യാനെറ്റിലും അനുബന്ധ മാധ്യമങ്ങളിലും ജോലിക്ക് എടുക്കരുതെന്ന തീരുമാനത്തിനു പുറകെ ഏഷ്യാനെറ്റ് പൂര്‍ണമായും സംഘ്പരിവാര ചാനലാക്കാനുള്ള നീക്കങ്ങള്‍ ശക്തമായി.ഏഷ്യനെറ്റ് ന്യൂസിന്റെ തലപ്പത്ത് സംഘപരിവാര്‍ അനുകൂലിയായ മാധ്യമ പ്രവര്‍ത്തകനെ എത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ജന്മഭൂമിയുടെ തലപ്പത്തുണ്ടായിരുന്ന ഹരി എസ് കര്‍ത്ത ഏഷ്യനെറ്റ് ന്യൂസിന്റെ മേധാവിയായി എത്തുമെന്നാണ് സൂചനകള്‍.
ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തുണ്ടായിരുന്ന ടി എന്‍ ഗോപകുമാര്‍ മാസങ്ങള്‍ക്ക് മുമ്പാണ് അന്തരിച്ചത്. ഇതോടെ ചുമതല എംജി രാധാകൃഷ്ണനായി . ഇദ്ദേഹം കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപിള്ളയുടെ മകനാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായും രാധാകൃഷ്ണന് അടുപ്പമുണ്ട്.  നേമം എംഎല്‍എ ആയിരുന്ന വി ശിവന്‍കുട്ടിയുടെ ഭാര്യാ സഹോദരനുമാണ്. ഇതെല്ലാം ഏഷ്യാനെറ്റില്‍ ബിജെപി വിരുദ്ധ വാര്‍ത്തകള്‍ വരാന്‍ കാരണമാകുന്നുവെന്നും സംഘാപരിവാര്‍ വിലയിരുത്തിയിരുന്നു. കോഴിക്കോട് നടന്ന ബിജെപി ദേശിയ കൗണ്‍സിനോടനുബന്ധമായി നടന്ന അനൗപചാരിക ചര്‍ച്ചകളിലാണ് ഏഷ്യാനെറ്റിന്റെ തലപ്പത്ത് ആര്‍എസ്എസുകാരന്‍ വേണമെന്ന ആവശ്യം സജീവമായത്. എന്‍ഡിഎയുടെ വൈസ് ചെയര്‍മാന്‍ കൂടിയായ ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖര്‍, ഏഷ്യാനെറ്റില്‍ ഇനി സംഘപരിവാറിനെതിരായ ആക്രമണം ഉണ്ടാകില്ലെന്ന് കോഴിക്കോട് സ്‌മ്മേളനത്തിനിടെ നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയതായാണ് വിവരം. മലയാളികള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ഏഷ്യാനെറ്റിന്റെ നിയന്ത്രണം ലഭിക്കുന്നത് കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് സഹായകമാകുമെന്ന് ബിജെപി കരുതുന്നു. അതേ സമയം ചാനലില്‍ ഏറെ മുന്‍പു തന്നെ കാവിവല്‍ക്കരണം തുടങ്ങിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണ നിയന്ത്രണം ലഭിച്ചിരുന്നില്ല. ചില റിപ്പോര്‍ട്ടര്‍മാര്‍ സംഘ്പരിവാര വിരുദ്ധ വാര്‍ത്തകള്‍ ശക്തമായി തന്നെ അവതരിപ്പിച്ചിരുന്നു.ഇത് ഏഷ്യാനെറ്റ് ബ്യൂറോക്കു നേരെ യുവമോര്‍ച്ച അക്രമണം നടത്തുന്നതില്‍ വരെ എത്തിയിരുന്നു. മാറിയ സാഹചര്യത്തില്‍ സംഘ്പരിവാരത്തിന് പൂര്‍ണനിയന്ത്രണം ലഭിക്കുന്നതോടെ ഏഷ്യാനെറ്റിന്റെ മതേതര മുഖവും വിശ്വാസ്യതയും പൂര്‍ണ്ണമായും നഷ്ടമാകുമെന്നും ഇത് ചാനലിനെ ബാധിക്കുമെന്നും സംഘ്പരിവാര ചേരിയോട് അകലം പാലിക്കുന്ന ജീവനക്കാര്‍ ആശങ്കപ്പെടുന്നുണ്ട്.

No comments:

Post a Comment