Wednesday, 26 October 2016

ഹമ്മറോടിച്ച് ധോണി; ഇത് കണ്ട് അന്തംവിട്ട കിവീസ് താരങ്ങള്‍; ചിത്രം നെറ്റില്‍ തകര്‍ത്തോടുന്നു



ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണി റാഞ്ചി നിരത്തിലൂടെ ഹമ്മര്‍ ഓടിച്ചു പോകുന്നത് കണ്ട് ടീം ബസ്സില്‍ അന്തംവിട്ട് ഇരിക്കുന്ന ന്യൂസിലന്‍ഡ് താരങ്ങളുടെ ചിത്രം ഓണ്‍ലൈനില്‍ പടരുന്നു. ഇന്ത്യാ- ന്യൂസിലാന്‍ഡ് നാലാം ഏകദിന മത്സരം ധോണിയുട നാടായ റാഞ്ചിയിലാണ് നടക്കുന്നത്. മത്സരത്തിന് റാഞ്ചിയില്‍ പറന്നിറങ്ങി ടീം ബസ്സില്‍ ഹോട്ടലിലേക്ക് മടങ്ങവെയാണ് താരങ്ങള്‍ ഹമ്മറില്‍ പോകുന്ന എതിര്‍നായകനെ കണ്ടത്.

ഹമ്മര്‍ ഓടിച്ച് മുന്നോട്ട് പോകുന്ന ധോണിയെ കണ്ട് വാ പൊളിച്ചിരിക്കുന്ന ടോം ലഥാമും റോസ് ടെയ്‌ലറുമാണ് ചിത്രത്തില്‍. ഒരു കയ്യാല്‍ താടി തടവി വാഹനമോടിക്കുന്ന ധോണിയും ചിത്രത്തിലുണ്ട്. ചിത്രം ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തകര്‍ത്തോടുകയാണ്. ക്രിക്ക് ട്രാക്കര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഇതിനകം പതിനായിരത്തോളം പേര്‍ ഷെയര്‍ ചെയ്തു. ചിത്രം എടുത്തത് ആരെന്ന കാര്യം വ്യക്തമല്ല.

വാഹനങ്ങളോടുള്ള ധോണിയുടെ പ്രിയം ഏറെ പ്രശസ്തമാണ്. നിരവധി വാഹനങ്ങളും ധോണിയുടെ ശേഖരത്തിലുണ്ട്. റാഞ്ചിയിലെ നിരത്തിലൂടെ ബൈക്ക് ഓടിച്ചു പോകുന്ന ധോണിയുടെ ചിത്രം നേരത്തേയും പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു ചിത്രം ഇതാദ്യമാണ്.

ഏകദിന പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ട് നില്‍ക്കുകയാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സ്വന്തമാക്കാം.



No comments:

Post a Comment