ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായി എവേ മത്സരം ജയിക്കാനുള്ള കെല്‍പ്പുണ്ടോ?
ചെന്നൈ: ദീപാവലി ചെന്നൈയിന്‍ എഫ് സിയുടെ മറീന അരീനയില്‍ ആഘോഷിക്കാനുള്ള പുറപ്പാടിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ് സി ഗോവയെ അവരുടെ മടയില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായി സ്റ്റീവ് കോപ്പലും സംഘവും ചെന്നൈയില്‍ മറ്റൊരു വെടിക്കെട്ട് ജയം ലക്ഷ്യമിടുന്നു. ഇന്ന് ജയിക്കാനായാല്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് കാലെടുത്തു വെക്കാം മഞ്ഞപ്പടക്ക്. ആറ് കളികളില്‍ എട്ട് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണുള്ളത്. അഞ്ച് കളികളില്‍ എട്ട് പോയിന്റുമായി ചെന്നൈയിന്‍ നാലാം സ്ഥാനത്തും.
സീസണിലെ രണ്ടാം ഹോം ജയമാണ് മാര്‍കോ മറ്റെരാസിയുടെ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. തുടക്കം പാളിയെങ്കിലും കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റ് നേടിയെടുക്കാന്‍ സാധിച്ചത് ചെന്നൈയിന്‍ എഫ് സിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഐ എസ് എല്ലില്‍ ഇരുടീമുകളും ആറ് തവണ മുഖാമുഖം വന്നപ്പോള്‍ ഒരിക്കല്‍ പോലും ചെന്നൈയിന്‍ എഫ് സിയുടെ തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയിക്കാന്‍ സാധിച്ചിട്ടില്ല.
മത്സരം പുരോഗമിക്കുമ്പോള്‍ രണ്ട് ടീമിന്റെയും പ്രതിരോധം ശക്തമായിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയെ കുറിച്ച് എതിര്‍ ടീം കോച്ച് മറ്റെരാസിക്ക് നല്ല അഭിപ്രായം. ആറ് കളികളില്‍ നാല് ഗോളുകള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയിട്ടുള്ളത്. ചെന്നൈയിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ മൂന്ന് കളികളില്‍ ഒരു ഗോള്‍ മാത്രമാണ് അവര്‍ വഴങ്ങിയത്. അതാകട്ടെ ഡയറക്ട് ഫ്രീകിക്കിലൂടെയും. ഫീല്‍ഡ് ഗോളുകള്‍ തടയുന്നതില്‍ മറ്റെരാസിയുടെ ഡിഫന്‍ഡര്‍മാര്‍ മിടുക്കരാണ്. ബെര്‍നാഡ് മെന്‍ഡിയും ജോണ്‍ ആര്‍നെ റീസെയുമാണ് മറ്റെരാസിയുടെ വിശ്വസ്തരായ സെന്റര്‍ ബാക്കുകള്‍.
ഹെംഗ്ബര്‍ട്ടും ആരോന്‍ ഹ്യൂസും ബ്ലാസ്റ്റേഴ്‌സിന്റെ സെന്റര്‍ബാക്ക് പൊസിഷനെയും ധന്യമാക്കുന്നു. ഇടത് വിംഗില്‍ കളിക്കുന്ന ഹൊസു പ്രിറ്റോയാണ് അപകടകാരി.
No comments:
Post a Comment