Monday, 24 October 2016

ആരും രാജ്യസ്‌നേഹം തെളിയിക്കേണ്ടതില്ല: ഈ രാജ്യത്തെ എല്ലാവരും രാജ്യസ്‌നേഹികളാണ്-നിഹലാനി

മുംബൈ: രാജ്യസ്‌നേഹത്തിന് തെളിവ് ആവശ്യപ്പെടുന്നത് തെറ്റാണെന്ന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനി.
രാജ്യസ്‌നേഹിയായ താന്‍ ഭാവിയില്‍ പാകിസ്താന്‍ കലാകാരന്‍മാരെ അഭിനയിപ്പിച്ച് സിനിമയെടുക്കില്ലെന്നു സംവിധായകന്‍ കരണ്‍ ജോഹര്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണു നിഹലാനി ഇക്കാര്യം പറഞ്ഞത്.
പാകിസ്താന്‍ നടന്‍ ഫഹദ് ഖാന്‍ അഭിനയിച്ചതിന് തന്റെ ചിത്രത്തിനെതിരേ പ്രതിഷേധിക്കുന്നവരെ അഭിസംബോധന ചെയ്യുന്ന വീഡിയോ സന്ദേശത്തിലാണ് കരണ്‍ ജോഹര്‍ രാജ്യസ്‌നേഹത്തെക്കുറിച്ച് പറഞ്ഞത്. കരണ്‍ ജോഹറിന്റെ ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് രാജ്താക്കറെയുടെ നവനിര്‍മാണ്‍ സേന (എംഎന്‍എസ്) ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ കരണ്‍ ജോഹറെ നിഹലാനി നേരിട്ട് പരാമര്‍ശിച്ചിട്ടില്ല.
രാജ്യസ്‌നേഹത്തിന് ആരും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ഈ രാജ്യത്തെ എല്ലാവരും രാജ്യസ്‌നേഹികളാണ്-നിഹലാനി പറഞ്ഞു. ആജ്തക് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരണ്‍ ജോഹറുടെ യേ ദില്‍ഹെ മുശ്കില്‍ എന്ന ചിത്രത്തിനെതിരെയാണ് എംഎന്‍എസ് പ്രതിഷേധിച്ചിരുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. ചര്‍ച്ചയിലെ ധാരണ പ്രകാരം ജോഹര്‍ ഉറി ആക്രമണത്തിനിരയായ സൈനികരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു കോടി നല്‍കണം.


No comments:

Post a Comment