കേരള രാഷ്ട്രീയചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം ലളിതമായി വിവരിക്കുന്ന ഗ്രന്ഥമാണ്കേരള രാഷ്ട്രീയചരിത്രം 1885-1957. നമ്മുടെ രാഷ്ട്രീയചരിത്രത്തെക്കുറിച്ചറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഈ പുസ്തകം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഇടം നേടിയ സംഭവങ്ങളെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണങ്ങള്‍ പുസ്തകത്തെ സമ്പുഷ്ടമാക്കുന്നു. കേരളത്തിലെ ജനകീയ പ്രക്ഷോഭങ്ങള്‍ മുതല്‍ കേരളമെന്ന സംസ്ഥാനം ജന്മമെടുക്കുന്നതു വരെയുള്ള പ്രധാനസംഭവങ്ങള്‍ ഏതൊരു മലയാളിയുടെ അന്തരംഗത്തെയും അഭിമാനപൂരിതമാക്കുമെന്നതില്‍ സംശയമില്ല.
കേരളത്തിലെ ആദ്യകാല ജനകീയ പ്രക്ഷോഭങ്ങള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഉദയം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം, ഇന്ത്യന്‍ യൂണിയനിലെ തിരുവിതാംകൂറിന്റെ ലയനം, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍, ഐക്യകേരള പ്രസ്ഥാനം, കേരള സംസ്ഥാന പിറവി എന്നിവയെല്ലാം ഈ ചരിത്രഗ്രന്ഥത്തില്‍ ലളിതമായി വിവരിക്കുന്നു. 1967ല്‍ കേരളചരിത്രം രചിച്ചപ്പോള്‍ ആധുനികകേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് പ്രൊഫ. എ.ശ്രീധരമേനോന്‍ഈ പുസ്തകത്തിന്റെ മുഖവുരയില്‍ വ്യക്തമാക്കുന്നു.
1985ല്‍ ആധുനിക കേരളം: രാഷ്ട്രീയ ചരിത്ര സംഗ്രഹം എന്ന പേരില്‍ സാഹിത്യ പ്രവര്‍ത്തക സംഘം പ്രസിദ്ധീകരിച്ച കൃതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പരിഷ്‌കരിച്ചാണ് 1988ല്‍ കേരളരാഷ്ട്രീയ ചരിത്രം 1885-1957 എന്ന കൃതിയ്ക്ക്ശ്രീധരമേനോന്‍ അന്തിമരൂപം നല്‍കിയത്. കേരളചരിത്രത്തില്‍ തല്‍പരരായ വായന ക്കാര്‍ക്കും ചരിത്രവിദ്യാര്‍ഥികള്‍ക്കും സഹായകമായ കൃതി 2008ല്‍ ഡി സി ബുക്‌സ് ഏറ്റെടുത്ത് ആദ്യ ഡി സി പതിപ്പിറക്കി. മൂന്നാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
കേരള ചരിത്രത്തെ വസ്തുനിഷ്ഠമായും സമഗ്രമായും മലയാളിക്കു മുന്നില്‍ അവതരിപ്പിച്ച ചരിത്രകാരനാണ്എ.ശ്രീധരമേനോന്‍. 72 വര്‍ഷത്തെ കേരളചരിത്രം അനാവരണം ചെയ്യുന്നപ്രൊഫ. എ. ശ്രീധരമേനോന്റെ കേരള രാഷ്ട്രീയചരിത്രം 1885- 1957ചരിത്രപഠിതാക്കള്‍ക്കും സാധാരണ വായനക്കാരനും ഒരുത്തമ സഹായി ആയിരിക്കും.
ചരിത്രകാരനും അദ്ധ്യാപകനുമായിരുന്നപ്രൊഫ. എ.ശ്രീധരമേനോന്‍ 1925 ഡിസംബര്‍ 18ന് എറണാകുളത്താണ് ജനിച്ചത്. കേരള സംസ്ഥാന ഗസറ്റിയേഴ്‌സ് എഡിറ്റര്‍, കേരളാ സര്‍വകലാശാലാ രജിസ്ട്രാര്‍ തുടങ്ങിയ ഔദ്യോഗിക പദവികള്‍ വഹിച്ച അദ്ദേഹം ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1997ല്‍ കേരളാ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം എഴുതിയെങ്കിലും പുസ്തകം തയ്യാറാക്കാന്‍ വേണ്ടിയുള്ള സമിതി രൂപീകരണവും രാഷ്ട്രീയ ഇടപെടലുകളും സമിതിയില്‍ നിന്നുള്ള ശ്രീധരമേനോന്റെ രാജിയും ചര്‍ച്ചാ വിഷയമായിരുന്നു. സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പുസ്തകം ഡിസി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്.പുസ്തകത്തിന്റെ മൂ്ന്നാമത് ഡിസി പതിപ്പ് പുറത്തിറങ്ങി.
കേരളചരിത്രം, കേരള സംസ്കാരം, കേരള ചരിത്ര ശില്പികള്, ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളില്‍), കേരളവും സ്വാതന്ത്ര്യ സമരവും, സര്‍ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും, പുന്നപ്രവയലാറും കേരള ചരിത്രവും തുടങ്ങിയവ അടക്കം ഇരുപത്തഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 2009ല്‍ അദ്ദേഹത്തിന് പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. 2010 ജൂലൈ 23ന് അന്തരിച്ചു.
No comments:
Post a Comment