Friday, 4 November 2016

സുന്നികള്‍ കൊല്ലപ്പെടേണ്ടവരെന്ന് പഠിപ്പിക്കുന്ന പുസ്തകം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു


സുന്നി വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പാഠ പുസ്തകമാണ് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ പിന്‍വലിച്ചത്.

കോഴിക്കോട്: സലഫികള്‍ അല്ലാത്തവരെല്ലാം അവിശ്വാസികളാണെന്നും അവരുടെ രക്തവും സ്വത്തും അനുവദനീയമാണെന്നുമുള്ള വിവാദ പരാമര്‍ശങ്ങളടങ്ങിയ പാഠപുസ്തകം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു. ബി എ അഫ്‌സലുല്‍ ഉലമ പാഠപുസ്തകത്തിലായിരുന്നു സുന്നികള്‍ക്കെതിരെയുള്ള സലഫികളുടെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്.

സലഫികള്‍ അല്ലാത്തവരെല്ലാം മുശ്രിക്കുകളാണെന്നും ജാറങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ കൊല്ലപ്പെടേണ്ടവരാണെന്നുമായിരുന്നു കിത്താബുത്തൗഹീദ് എന്ന പുസ്തകത്തിലെ ഉള്ളടക്കം. സൗദിയിലെ പ്രമുഖ സലഫി പണ്ഡിതനായ മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമിന്‍ രചിച്ച പുസ്തകം കേരളത്തിലെ സലഫി നേതാവായ കോയക്കുട്ടി ഫാറൂഖിയാണ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി സംഗ്രഹം നടത്തിയത്.


1997ല്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച പാഠപുസ്തകം കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസാണ് വീണ്ടും സിലബസില്‍ ഉള്‍പ്പെടുത്തിയത്. യുദ്ധങ്ങളെയും അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സര്‍ക്കാര്‍ ചിലവില്‍ സലഫിസം പ്രചരിപ്പിക്കുകയാണെന്ന ആരോപിച്ച് സുന്നി സംഘടനകള്‍ പുസ്തകത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. പാഠപുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല മാര്‍ച്ചിന് സുന്നി വിദ്യാര്‍ത്ഥി സംഘടനയായ എസ് എസ് എഫ് ആഹ്വാനം ചെയ്തിരുന്നു.
സമുദായ സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെയാണ് പുസ്തകം പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍ബന്ധിതനായത്. കിത്താബുത്തൗഹീദിനു പകരം മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്ന തൗഹീദ് വശിര്‍ക്ക് എന്ന പുസ്തകമാകും ഇനി അഫ്‌സലുല്‍ ഉലമാ സിലബസില്‍ ഉള്‍പ്പെടുത്തുക എന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

No comments:

Post a Comment