വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക്. 538 അംഗ ഇലക്ടറല്‍ വോട്ടില്‍ 244 വോട്ടുമായി ട്രംപ് മുന്നേറുകയാണ്. 215 ഇലക്ടറല്‍ വോട്ടുകളാണ് ഡമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റനുള്ളത്. 270 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പിക്കുന്ന സ്ഥാനാര്‍ഥിയാണ് യുഎസ് പ്രസിഡന്റാകുക.
ഫലം പുറത്തുവന്ന 42 സംസ്ഥാനങ്ങളില്‍ 25 ഇടത്ത് ട്രംപും 17 ഇടത്ത് ഹിലറിയും വിജയിച്ചു. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സംസ്ഥാനമായ അര്‍കന്‍സ ട്രംപ് നേടി. ഫ്‌ലോറിഡ, ടെക്‌സസ്, നോര്‍ത്ത് കാരലൈന എന്നിവിടങ്ങളിലെ വിജയമാണ് ട്രംപിനു കരുത്തായത്. ഒഹായോ, ഇന്‍ഡ്യാന, ടെനിസി എന്നിവിടങ്ങളിലും മികച്ച വിജയമാണ് ട്രംപ് നേടിയത്.
ജോര്‍ജിയ, യൂട്ടാ, ഫ്‌ലോറിഡ, ഐഡഹോ, വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്‌ക, കാന്‍സസ്, ടെക്‌സസ്, അര്‍കന്‍സ, വെസ്റ്റ് വെര്‍ജീനിയ, ഓക്‌ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇന്‍ഡ്യാന, സൗത്ത് കാരലൈന, അലബാമ, ലൂസിയാന, മോണ്ടാന, ഒഹായോ, മിസോറി, നോര്‍ത്ത് കാരലൈന, ഒഹായോ എന്നീ സംസ്ഥാനങ്ങളാണ് ഡൊണള്‍ഡ് ട്രംപ് വിജയിച്ചത്.
ഓറിഗന്‍, നെവാഡ, കലിഫോര്‍ണിയ, ഹവായ്, കൊളറാഡോ, വെര്‍ജീനിയ, ന്യൂ മെക്‌സിക്കോ, ഇല്ലിനോയ്, മേരിലാന്‍ഡ്, ഡെലവെയര്‍, ന്യൂജഴ്‌സി, റോഡ് ഐലന്‍ഡ്, കനക്ടികട്ട്, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, മാസച്യുസിറ്റ്‌സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലറി ജയിച്ചു.
യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റോ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റോ വൈറ്റ് ഹൗസിലേക്കെത്തുകയെന്ന ആകാംഷയിലാണ് അമേരിക്കന്‍ ജനതയോടൊപ്പം ലോകവും. ഉച്ചയോടെ ഫലം പുറത്തുവരും. പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേല്‍ക്കുക. ആകെയുള്ള 20 കോടി വോട്ടര്‍മാരില്‍ 4.2 കോടി പേര്‍ മുന്‍കൂര്‍ വോട്ടു ചെയ്തു. പോളിങ് ദിവസത്തിനു മുന്‍പേ വോട്ടുചെയ്യാനുള്ള യുഎസിലെ പ്രത്യേക അവകാശം വിനിയോഗിച്ചാണ് മുന്‍കൂര്‍ വോട്ട്. ഇത്തവണത്തെ മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡാണ്. 2012ല്‍ ഇതു 3.23 കോടിയായിരുന്നു.
അതേസമയം, അമേരിക്കന്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി 47, ഡമോക്രാറ്റ് പാര്‍ട്ടി 45. യുഎസ് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതയായി ഡമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു.
No comments:
Post a Comment