Saturday, 19 November 2016

തിരൂരങ്ങാടിയില്‍ യുവാവിനെ വെട്ടിക്കൊന്നത് ഭാര്യയെയും കുട്ടികളെയും ഇസ്ലാം മതം മാറ്റിയതിലെ പ്രതികാരമെന്ന് സൂചന; പ്രതികളെക്കുറിച്ചു വിവരം കിട്ടിയെന്നു പൊലീസ്; പ്രദേശത്തു കനത്ത ജാഗ്രത

തിരൂരങ്ങാടി: തിരൂരങ്ങാടി കൊടിഞ്ഞിയില്‍ നാളെ ഗള്‍ഫില്‍ പോകാനിരുന്ന യുവാവിനെ വെട്ടിക്കൊന്നത് ഭാര്യയെും കുട്ടികളെയും ഹിന്ദുമതത്തില്‍നിന്നു ഇസ്ലാം മതത്തിലേക്കു മാറ്റിയതിലെ പ്രതികാരമെന്നു സൂചന. ഇന്നു രാവിലെയാണ് തിരൂരങ്ങാടി പുല്ലാണി ബാലകൃഷ്ണന്‍ നായരുടെ മകന്‍ ഫൈസലെന്ന അനില്‍കുമാറിനെ ഒരു സംഘം വ‍ഴിയരുകില്‍ വെട്ടിയും കുത്തിയും കൊന്നത്. കൊലപാതകികളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. 


ട്രെയിനില്‍ വരുന്ന ബന്ധുക്കളെ വീട്ടിലേക്കു കൂട്ടാനായി ഓട്ടോറിക്ഷയുമായി പോയതായിരുന്നു ഫൈസല്‍. പ്രഭാതസവാരിക്കു വന്നവര്‍ വ‍ഴിയരികില്‍ വെട്ടും കുത്തുമേറ്റു കിടക്കുന്ന ഫൈസലിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പൊലീസില്‍വിവരമറിയിച്ചു. കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.


റിയാദില്‍ ജോലിക്കാരനായിരുന്ന അനില്‍കുമാര്‍ ക‍ഴിഞ്ഞവര്‍ഷമാണു മതം മാറി ഫൈസലായത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയായ ഭാര്യയും മക്കളും മതം മാറിയിരുന്നു. പൊന്നാനി മഊനത്തുല്‍ ഇസ്ലാമില്‍ വച്ചായിരുന്നു മതംമാറ്റം. ഇരുവരുടെയും തീരുമാനപ്രകാരവും ഇഷ്ടപ്രകാരവുമായിരുന്നു ഇസ്ലാം മതം സ്വീകരിച്ചത്. എന്നാല്‍, അന്നു മുതല്‍ പ്രദേശത്തെ ചില സംഘപരിവാര്‍ അനുകൂലികള്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.


നാളെ ഫൈസല്‍ ഗള്‍ഫിലേക്കു മടങ്ങാനിരിക്കേ ആസൂത്രിതമായിരുന്നു കൊലപാതകമെന്നാണു സംശയിക്കുന്നത്. കൊലപാതകം നടന്നതിന് അടുത്ത കടകളിലെ സിസിടിവികളില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. സ്ഥലത്തു ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഫൈസലിന്റെ മൃതദേഹം പോസ്റ്റുമോർ്ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.


സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തിരൂരങ്ങാടി കൊടിഞ്ഞി ഭാഗങ്ങളിൽ ഹർത്താൽ പ്രതീതിയാണിപ്പോൾ. സംഭവത്തിനു പിന്നിൽ മതം മാറിയതിലെ വൈരാഗ്യമാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. സിസി ടിവി ദൃശ്യം പ്രധാന തെളിവാണെന്നും പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.




No comments:

Post a Comment