Sunday, 6 November 2016

ഹജറുല്‍ അസ്‌വദ് ചുംബനത്തിന് സ്ത്രീകള്‍ക്ക് പ്രത്യേക സമയം ഏര്‍പ്പെടുത്തുന്നു

മക്ക: മക്കയില്‍ വിശുദ്ധ കഅബയില്‍ സ്ഥിതി ചെയ്യുന്ന ഹജറുല്‍ അസ്‌വദ് തൊട്ടു മുത്താന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സമയം ഏര്‍പ്പെടുത്തുന്നു. സഊദി ഇസ് ലാമിക് അഫയേഴ്‌സിനു കീഴില്‍ ശൂറ കൗണ്‍സില്‍ ഇതേ കുറിച്ച് പഠനം നടത്താന്‍ തുടങ്ങിയതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരക്കേറിയ സന്ദര്‍ഭങ്ങളിലും ഹജ്ജ് – ഉംറ സീസണ്‍ സമയങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക സമയവും സൗകര്യവും ഒരുക്കാന്‍ സംവിധാനമൊരുക്കാന്‍ ശൂറ കൗണ്‍സില്‍ അംഗം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പഠനം നടത്തുന്നത്.
പഠനം നടത്തി അനുകൂലമാണെങ്കില്‍ റിപ്പോര്‍ട്ട് ശൂറ കൗണ്‍സിലില്‍ വോട്ടിംഗിനിട്ടായിരിക്കും നടപ്പില്‍ വരുത്തുക. നിലവില്‍ ഹജറുല്‍ അസ്‌വദ് ചുംബനത്തിനും തൊടുന്നതിനും യാതൊരു നിയന്ത്രണവുമില്ല. സ്ത്രീകളും പുരുഷന്മാരും കഴിയുന്നവര്‍ തൊട്ടു മുത്തി അനുഗ്രഹം എടുക്കുകയാണ് പതിവ്. എന്നാല്‍, മുന്‍കാലങ്ങളില്‍ വളരെ അപൂര്‍വം സമയങ്ങളില്‍ സൗകര്യാര്‍ത്ഥം സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു.

കഅബ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്ന അവസരത്തില്‍ തുടക്കത്തിലും ചുറ്റുമുള്ള ഏഴു തവണ നടത്തത്തിലെ ഓരോ തവണയും കല്ലിനടുത്ത് എത്തുമ്പോള്‍ തൊടല്‍ സുന്നത്താണെങ്കിലും തിരക്കേറിയ അവസരത്തില്‍ അതിനെ കൈ കൊണ്ട് അഭിസംബോധന ചെയ്ത് പോകലാണ് വിശ്വാസികള്‍.

No comments:

Post a Comment