മലപ്പുറം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമാകുന്നു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതു ആറ് കുട്ടികളെയാണ്. മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് സംഘം സജീവമായത്. ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മാത്രമായി കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ആറോളം കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി, തിരൂര്‍, താനൂര്‍, കാസര്‍കോട് മഞ്ചേശ്വരം, ബന്തിയോട് തുടങ്ങിയ സ്ഥലങ്ങളിലാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ കുറിച്ച് പോലീസില്‍ പരാതി ലഭിച്ചിട്ടുള്ളത്. മലപ്പുറത്ത് തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്കു പോകാന്‍ ബസ് സ്‌റ്റോപ്പിലേക്ക് നടക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെയാണ് ഓംനി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പ്രതികളെ പിടികൂടാന്‍ പോലീസ് പ്രതികള്‍ക്കായി വലവിരിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.
കാസര്‍കോട്ട് തിങ്കളാഴ്ച മഞ്ചേശ്വരം മിയാപദവ് ബേരിക്കയില്‍ നിന്നും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ 13 കാരനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ടാറ്റ ഓട്ടോ റിക്ഷയില്‍ ഷിറിയയില്‍ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബുര്‍ഖ ധരിച്ചെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സ്‌കൂളിലേക്ക് വിടാമെന്ന് പറഞ്ഞു ഓട്ടോയില്‍ കുട്ടിയെ ബലമായി കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഇവരുടെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കുമ്പള എസ്‌ഐ മെല്‍വിന്‍ ജോസ് പറഞ്ഞു.
അതേ സമയം, കാസര്‍കോട് മഞ്ചേശ്വരത്തും ബന്തിയോടും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായുള്ള പ്രചരണങ്ങള്‍ക്ക് പിന്നില്‍ മണല്‍ മാഫിയയാണെന്ന് സംശയിക്കുന്നതായി കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍ വെളിപ്പെടുത്തി. പോലീസിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇത്തരം പ്രചരണങ്ങളെന്ന് അന്വേഷിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.
മലപ്പുറത്ത് താനാളൂര്‍ ചുങ്കം സ്വദേശിയും വളവന്നൂര്‍ ബാഫഖി യതീംഖാന ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ പതിനഞ്ചുകാരനെ ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെയാണ് കെഎല്‍ 11, 111 നമ്പര്‍ നീല ഓംനി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചായിരുന്നു സംഭവം. ബസ് കയറാന്‍ നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് മുന്നില്‍ വാന്‍ നിര്‍ത്തി സംഘം മൊബൈല്‍ ഫോണ്‍ പുറത്തേക്കിട്ട ശേഷം വിദ്യാര്‍ത്ഥിയോട് അതെടുത്തു കൊടുക്കാന്‍ ആവശ്യപ്പെടുകയായിരകുന്നു. മൊബൈലുമായി വാഹനത്തിനടുത്തെത്തിയ കുട്ടിയെ വാനിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിനിടെ എതിരെ നിന്നും വന്ന ഓട്ടോറിക്ഷയെ കണ്ട് സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയും സമാനരീതിയില്‍ സംഭവമുണ്ടായി. ഓംനി വാനിലെത്തിയ സംഘം രണ്ട് സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ തുവ്വക്കാട്, കന്മനം ഭാഗങ്ങളിലായിരുന്നു സംഭവം. സ്‌കൂളിലേക്കു പോകുകയായിരുന്ന കന്മനം എഎംയുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെയുമാണ് അന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
വിദ്യാര്‍ത്ഥിനിയോട് പാടത്തേക്കുള്ള വഴി ചോദിച്ച് അടുത്ത് വന്നതിന് ശേഷം കൈയ്യില്‍ ബലമായി പിടിച്ച് കാറില്‍ കയറ്റുകയായിരുന്നു. ഈ സമയം ഇയാള്‍ക്ക് ഫോണ്‍ വരികയും ഫോണില്‍ സംസാരിക്കുന്നതിനിടെ കുട്ടിയുടെ കൈ വിട്ടതിന തുടര്‍ന്ന് കുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു. സാര്‍ എന്നാണ് ഫോണില്‍ അഭിസംബോധനം ചെയ്തതെന്ന് കുട്ടി പറഞ്ഞു. സമാന രീതിയില്‍ വഴി ചോദിച്ചായിരുന്നു അഞ്ചാം ക്ലാസുകാരനെയും സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
കുട്ടികള്‍ അദ്ധ്യാപകരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ രക്ഷിതാക്കളെയും കല്‍പകഞ്ചേരി പോലീസിലും വിവരം അറിയിക്കുകയായിരുന്നു. വാനിലേക്കു വലിച്ചിട്ട സമയം മുന്‍സീറ്റിലിരുന്ന ആളുടെ മടിയില്‍ ഒരു കുട്ടി ഉണ്ടായിരുന്നതായും കുട്ടിയുടെ വായ അമര്‍ത്തിപ്പിടിച്ചിരുന്നതായും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി പോലീസിനോടു പറഞ്ഞു. എന്നാല്‍ ഇത് വരെ എവിടെയും മിസ്സിംഗ് കേസ് റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ആ വഴിക്ക കൂടുതല്‍ അന്വേഷണം നടത്തിയിട്ടില്ല. ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് തിരുനാവായ എടക്കുളം ചങ്ങംപള്ളി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ പരിശോധന ശക്തമാക്കുന്നതായി തിരൂര്‍ ഡിവൈഎസ്പി പറഞ്ഞു.
കാസര്‍കോട്ട് മിയാപ്പദവിലെ ഗവ. സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ബേരിക്കയിലെ സി കെ മുഹമ്മദിന്റെ മകനുമായ മുഹമ്മദ് അജ്മലിനെയാണ് വൈകിട്ട് 4.30 മണിയോടെ ഓംനി വാനില്‍ തട്ടിക്കൊണ്ടുപോയത്. ഇതിനു തൊട്ടുപിന്നാലെയാണ് ബന്തിയോട് അടുക്കയിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. വട്ടിപ്പദവിലെ ഓര്‍ഫനേജില്‍ താമസിച്ച് പഠിക്കുകയാണ് അജ്മല്‍. സ്‌കൂള്‍ വിട്ട് സ്വന്തം വീട്ടിലേക്ക് പോയ കുട്ടി അവിടെ മാതാപിതാക്കളില്ലാത്തതിനാല്‍ തിരിച്ച് ഓര്‍ഫനേജിലേക്ക് തന്നെ നടന്നുപോകുന്നതിനിടെയാണ് തട്ടിക്കൊണ്ട് പോയത്. ഓംനി വാനിലെത്തിയ സംഘം കൈയ്യിലുണ്ടായിരുന്ന പേപ്പര്‍ താഴെയിടുകയും അത് കുട്ടിയോട് എടുത്തുകൊടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കുട്ടി പേപ്പര്‍ എടുക്കാന്‍ കുനിഞ്ഞപ്പോള്‍ പെട്ടെന്ന് വലിച്ച് ഓംനി വാനില്‍ കയറ്റി ഓടിച്ചുപോവുകയാണുണ്ടായത്.
എട്ട് കിലോ മീറ്ററോളം ദൂരം ഓടിച്ചുപോയ വാനില്‍ നിന്നും കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ വാനിനെ പിന്തുടരുകയായിരുന്നു. ഇതു മനസിലാക്കിയ സംഘം കുട്ടിയെ മിയാപദവില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിന്നീട് മഞ്ചേശ്വരം പോലീസ് കുട്ടിയില്‍ നിന്നും വിശദമായ മൊഴിയെടുത്തെങ്കിലും മൊഴിയില്‍ ചില വൈരുധ്യങ്ങളുള്ളതിനാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ കേസെടുക്കുന്ന കാര്യം ആലോചിക്കുകയുള്ളൂവെന്ന് മഞ്ചേശ്വരം എസ് ഐ പ്രമോദ് പറഞ്ഞു.
കന്നഡ സംസാരിക്കുന്നവരാണ് മിയാപ്പദവില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കുട്ടിയുടെ മൊഴിയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കറുത്ത നിറത്തിലുള്ള ഓംനി വാനിലാണ് തന്നെ ബലം പ്രയോഗിച്ച് കൊണ്ടുപോയതെന്നും സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നതായും മൊഴിയിലുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വീട്ടുകാരുടെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
അതേ സമയം, മിയാപദവില്‍ നടന്ന തട്ടിക്കൊണ്ടുപോകലും ബന്തിയോട് അടുക്കയില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ ശ്രമവും വിശ്വസനീയമല്ലെന്ന് പോലീസ് പറഞ്ഞു. മിയാപദവില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് തിരക്കേറിയ സ്ഥലത്ത് നിന്നാണ്. സംഭവം ആരും കാണുകയോ കുട്ടിയുടെ ബഹളം കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് കുമ്പള സി ഐ എം വി മനോജ് പറഞ്ഞു. കുട്ടിയെ ഇറക്കിവിട്ടു എന്ന് പറയുന്ന സ്ഥലവും തിരക്കേറിയതാണ്. അവിടെയും ആരും കുട്ടിയെ ഇറക്കിവിടുന്നത് കണ്ടിട്ടില്ല. തട്ടിക്കൊണ്ടുപോയി എന്ന് പറയപ്പെടുന്ന സ്ഥലത്തെ സിസിടിവി ദൃശ്യം അടക്കം പോലീസ് പരിധശോധിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ല.
ബന്തിയോട് അടുക്കയിലും പട്ടാപ്പകല്‍ ആണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു എന്ന് പ്രചരിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം വ്യക്തമായ പ്ലാനിംഗോടെയാണ് എത്താറുള്ളതെന്നും എന്നാല്‍ ഇവിടെ അതൊന്നും ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍, പോലീസിന്റെ ശ്രദ്ധ തിരിക്കുക എന്ന മണല്‍ മാഫിയ സംഘത്തിന്റെ ഗൂഢ ലക്ഷ്യമായിരിക്കാമെന്നാണ് പോലീസ് പറയുന്നത്. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
കുട്ടികെളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതോടെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. കാസര്‍കോട്ട് പോലീസിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള മണല്‍ മാഫിയയുടെ ശ്രമമാണ് എന്ന് പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും കാസര്‍കോട്ടെയും മലപ്പുറത്തെയും എല്ലാ സംഭവങ്ങളിലും സംഘങ്ങള്‍ കുട്ടികളെ വാനില്‍ കയറ്റാന്‍ ഒരേ രീതി തന്നെ ഉപയോഗിച്ചത് എന്തിന് എന്ന ചോദ്യം ദുരൂഹത സൃഷ്ടിക്കുന്നു.
No comments:
Post a Comment