കൊല്ലം: പാലക്കാട്ടുകാരിയായ ബിരുദ വിദ്യാര്‍ത്ഥിനിയെ കാമുകനും സുഹൃത്തുക്കളും ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ദൃശ്യം സിനിമയെ വെല്ലുന്ന തെളിവുനശിപ്പിക്കല്‍ ശ്രമങ്ങളോടെയെന്ന് സംശയം. കാമുകന് സ്വര്‍ണം പണയംവച്ച് വായ്പകൊടുക്കുകയും അത് തിരിച്ചുചോദിച്ചപ്പോള്‍ ആദ്യം പിണങ്ങുകയും പിന്നീട് തഞ്ചത്തില്‍ അനുനയിപ്പിച്ച് കൊല്ലത്തെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍.
കൊല്ലത്തെത്തിയ പെണ്‍കുട്ടിയെ ഒരു യുവതിയെ അയച്ച് കൂട്ടിക്കൊണ്ടുപോയി ആയിരുന്നു ക്രൂരമായ പീഡനങ്ങള്‍. അവിടെനിന്ന് രക്ഷപ്പെട്ട് തിരികെ കൊല്ലത്തെത്തിയ പെണ്‍കുട്ടിക്ക് എവിടേയ്ക്കാണ് തന്നെ കൊണ്ടുപോയതെന്നോ ദുരനുഭവമുണ്ടായത് എവിടെവച്ചെന്നോ പൊലീസിനോട് പറയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് തെളിവുകള്‍ വച്ച് അന്വേഷിച്ച് ചെന്ന പൊലീസ് തെളിവുകള്‍ ഇല്ലാതാക്കാന്‍ സമര്‍ത്ഥമായ ശ്രമം നടന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ദൃശ്യം സിനിമയെ വെല്ലുന്ന ആസൂത്രണം കൊല്ലത്തെ കൂട്ടമാനഭംഗക്കേസില്‍ ഉണ്ടായതായി മനസ്സിലാകുന്നത്.
ചെര്‍പ്പുളശേരി നെല്ലായ സ്വദേശിനിയായ പതിനെട്ടുകാരിയാണ് കാമുകന്റെ ചതിക്കുഴിയില്‍ അകപ്പെട്ടത്. നാട്ടുകാരന്‍ തന്നെയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. അടുത്തുള്ള കോളജിലെ ബിരുദവിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. പ്രണയം ശക്തമായതോടെ വീട്ടുകാര്‍ വിവരം അറിഞ്ഞു. ഇതോടെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചുവെന്ന് പൊലീസ് പറയുന്നു. നാണക്കേടുമൂലം നാട്ടിലിറങ്ങാന്‍ വന്നതോടെ യുവാവ് കാമുകിയോട് പകരംവീട്ടാന്‍ തീരുമാനിച്ചു.
പ്രണയം തുടരുന്നുവെന്നു ഭാവിച്ച് യുവാവ് പെണ്‍കുട്ടിയോട് തുടര്‍ന്നും സ്‌നേഹത്തോടെ പെരുമാറി. ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചു. തുടര്‍ന്ന് കാമുകന്റെ നിര്‍ദേശപ്രകാരം യുവതി കഴിഞ്ഞ 26ന് യുവതി കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തുകയായിരുന്നു. അവിടെ നിന്ന് ശാലിനി എന്ന യുവതി സമീപത്തെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തന്റെ സുഹൃത്തുക്കള്‍ കൊല്ലത്തുണ്ടാവുമെന്നും അവര്‍ സഹായിക്കുമെന്നും യുവാവ് പറഞ്ഞിരുന്നു. യുവാവിന്റെ വാക്കു വിശ്വസിച്ച പെണ്‍കുട്ടി കൊല്ലത്തെ ലോഡ്ജില്‍ രണ്ടു ദിവസം കാത്തിരുന്നു. തന്ത്രപൂര്‍വമായിരുന്നു യുവാവ് പിന്നീട് കരുക്കള്‍ നീക്കിയത്. താന്‍ നാട്ടില്‍ തന്നെ ഉണ്ടെന്ന് കാണിക്കാന്‍ ഇയാള്‍ നെല്ലായയിലും പുലാക്കാട്ടുമുള്ള മുഴുവന്‍ ചടങ്ങുകളിലും പങ്കെടുക്കുകയും പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് രണ്ടു ദിവസത്തിനു ശേഷം കൊല്ലത്തെത്തുകയും യുവതിയെ മാനഭംഗപ്പെടുത്തുകയും ചെയ്‌തെന്നു പൊലീസ് പറയുന്നു.
സുഹൃത്തുക്കള്‍ക്കു കൂടി യുവതിയെ കാഴ്ചവയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വഴക്കിട്ടു പിരിഞ്ഞ യുവതി കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തുകയും അവിടെ നിന്നു പൊലീസ് ഇടപെട്ട് ചെര്‍പ്പുളശ്ശേരിയില്‍ എത്തിക്കുകയുമായിരുന്നു. യുവതി ചെര്‍പ്പുളശ്ശേരിയില്‍ എത്തും മുന്‍പേ യുവാവ് നാട്ടിലെത്തുകയും ചെയ്തിരുന്നുവത്രെ. കേസുമായി ബന്ധപ്പെട്ട് നെല്ലായ പുലാക്കാട് പണിക്കര്‍നെച്ചി വീട്ടില്‍ ജാഫര്‍ (21), നെല്ലായ മഞ്ചക്കല്ല് പാറക്കത്തൊടി വീട്ടില്‍ മുസ്തഫ (25) എന്നിവരെ ചെര്‍പ്പുളശ്ശേരി സിഐ വെള്ളിയാഴ്ച അറസ്റ്റു ചെയ്തിരുന്നു.
എന്നാല്‍ യുവതി പറയുന്നത് മറ്റൊരു കഥയാണ്. ഇപ്പോള്‍ അറസ്റ്റിലായവരില്‍ ഒരാളായ ജാഫറിന് സ്വര്‍ണം പണയംവച്ച് 30,000 രൂപ കഴിഞ്ഞമാസം 17ന് നല്കിയിരുന്നുവെന്നും ഇത് വീട്ടില്‍ അറിഞ്ഞതോടെ വഴക്കായെന്നും പിന്നീട് പണം തിരിച്ചു ചോദിച്ചപ്പോള്‍ കൊല്ലത്തേക്കു വരാന്‍ പറഞ്ഞെന്നുമാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. തന്നെ എത്തിച്ച വീടിന് സമീപം കായല്‍ കണ്ടിരുന്നതായി പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍, ചെര്‍പ്പുളശ്ശേരി സി.ഐ എ. ദീപക് കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചാലുംമൂട്, കുപ്പണ, കടവൂര്‍ ഭാഗങ്ങളില്‍ കായല്‍തീരത്തും പരിസരത്തും പെണ്‍കുട്ടിയുമായി അന്വേഷണം നടത്തിയെങ്കിലും ഇത്തരത്തിലുള്ള വീട് കണ്ടെത്താനായില്ല.
കാമുകന് കൊല്ലവുമായുള്ള ബന്ധം അന്വേഷിക്കുന്ന പൊലീസ് കേസിലെ മറ്റു വിവരങ്ങള്‍ വ്യക്തമാകാതെ കുഴങ്ങുകയാണിപ്പോള്‍. ഇക്കഴിഞ്ഞ 31ന് കൊല്ലം റെയില്‍വെ സ്‌റ്റേഷനില്‍ ഷാഡോ പൊലീസ് കണ്ടത്തെിയ പെണ്‍കുട്ടിയെ ചെര്‍പ്പുളശ്ശേരി പൊലീസ് കൂട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിക്ക് നേരിട്ടറിയാവുന്ന രണ്ടുപേരെ ഇപ്പോള്‍ പിടികൂടിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതാണ് പൊലീസിനെ കുഴക്കുന്നത്. പെണ്‍കുട്ടിയെ താമസിപ്പിച്ചതായി പറയുന്ന ലോഡ്ജിലും പരിസരത്തും അന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല.
ചെര്‍പ്പുളശ്ശേരി പൊലീസ് ആദ്യം കൊല്ലത്തെത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പാലക്കാട് സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തില്‍ പെണ്‍കുട്ടി കൊല്ലത്തുതന്നെ ഉണ്ടെന്ന് വ്യക്തമായി. കുട്ടിയുടെ ചിത്രം കൊല്ലം പൊലീസിനു കൈമാറിയതോടെയാണ് കൊല്ലം ഷാഡോപൊലീസ് റെയില്‍വെ സ്‌റ്റേഷനിലെ കാത്തിരിപ്പു മുറിയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിന്റെ ചിത്രം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു.
Facebook Comments
FacebookWhatsAppFacebook MessengerTelegramGoogle GmailTwitterGoogle+SMS
No comments:
Post a Comment