പാലക്കാട് വല്ലപ്പുഴയില്‍ താന്‍ പഠിപ്പിക്കുന്ന സ്‌കൂളും ആ പ്രദേശം തന്നെയും പാകിസ്ഥാനാണെന്ന ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ പ്രസംഗം വലിയ വിവാദമാകുന്നു. ശശികലയുടെ പ്രസംഗത്തിനെതിരെ വല്ലപ്പുഴയില്‍ പ്രതിഷേധം ശക്തമാവുകയാണ്. സ്‌കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസാണ് നിലവില്‍ ശശികല. പ്രധാനാദ്ധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാല്‍ സ്‌കൂളിന്റെ ചുമതല വഹിക്കുന്ന അധ്യാപികയാണ് താന്‍ പഠിപ്പിക്കുന്ന കുട്ടികളുടെ മതം നോക്കി സകൂളിനെ നിരന്തരം ആക്ഷേപിക്കുന്നത്.
വലിയ തോതില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടും 36 വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍പ്പോലും വല്ലപ്പുഴ ഗവ.ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ ശശികലയ്‌ക്കെതിരെ മോശമായി എന്തെങ്കിലും പറഞ്ഞിട്ടില്ല. എന്നാല്‍ തങ്ങളുടെ സ്‌കൂളിന്റെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സ്‌കൂളിനേയും നാടിനേയും ഇത്തരത്തില്‍ അവഹേളിക്കുന്നത് അവര്‍ക്ക് സഹിക്കാനാവുന്നില്ല. വിവാദ പ്രസംഗത്തോടുളള പ്രതികരണം കഴിഞ്ഞ ദിവസം സ്‌കൂളിലുണ്ടായിരുന്നു.
വെളളിയാഴ്ച ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചിരുന്നു. പിന്നീട് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ പ്രകടനവുമുണ്ടായിരുന്നു. 'സേവ് വി എച്ച് എസ്, ബാന്‍ ശശികല' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ശശികല ടീച്ചര്‍ ഇനി ഈ സ്‌കൂളില്‍ വേണ്ട എന്നവര്‍ പറഞ്ഞു. ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം സ്‌കൂളില്‍ പഠനം മുടങ്ങി. രണ്ട് മൂന്ന് ദിവസമായി ഒരു വലിയ വണ്ടി നിറയെ പൊലീസുകാര്‍ സ്‌കൂളിന് മുമ്പില്‍ കാവലുണ്ട്. പൊലീസിനെ പേടിച്ച് ചെറിയ കുട്ടികള്‍ സ്‌കൂളില്‍ വരെ വരാന്‍ മടിക്കുകയാണ്.
തിങ്കളാഴ്ച്ച മുതല്‍ സ്‌കൂളില്‍ അനിശ്ചിതകാല പഠിപ്പ് മുടക്കല്‍ സമരം ആരംഭിക്കുകയാണ്. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ചേര്‍ന്ന ഐക്യമുന്നണിയാണ് സമരാഹ്വാനം നടത്തിയത്. രക്ഷിതാക്കളും ഇതിന് അനുകൂലമാണ്. പ്രശ്‌ന പരിഹാരത്തിന് ശനിയാഴ്ച്ച സ്‌കൂളില്‍ പി ടി എ കൂടുന്നുണ്ട്.
എന്നാല്‍ വല്ലപ്പുഴയേയും പഠിപ്പിക്കുന്ന സ്‌കൂളിനേയും പാകിസ്ഥാനെന്ന് വിളിച്ചതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നല്ല അര്‍ത്ഥത്തിലാണ് താന്‍ അങ്ങിനെ പറഞ്ഞതെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ഇതിന്റേ പേരില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും താന്‍ ഹൈക്കോടതിയിലൊന്നും ജാമ്യത്തിന് ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. കോടതിക്ക് സത്യം ബോധ്യപ്പെട്ടാല്‍ ശിക്ഷിച്ചോട്ടെ, സത്യം പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
' ഞാന്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ 95% ശതമാനം കുട്ടികള്‍ മുസ്ലീങ്ങളാണ്. ആ സ്‌കൂളിലെ വാര്‍ഡില്‍ പേരിനു മാത്രമാണ് ചില ഹിന്ദുക്കള്‍ ഉള്ളത്. പാലക്കാട് ജില്ലയില്‍ ഇങ്ങിനെ ഒരു വാര്‍ഡ് ഇല്ല. മുസ്ലീങ്ങളുടെ എണ്ണത്തില്‍ പാകിസ്ഥാനെ പോലെ ഭൂരിപക്ഷ പ്രദേശമായതിനാലാണ് ആ നാടിനെ പാകിസ്ഥാനായി ചിത്രീകരിച്ചത്. പാകിസ്ഥാന്‍ എന്നു പറഞ്ഞാല്‍ എങ്ങിനെ അപമാനിക്കപ്പെടും? പാകിസ്ഥാന്‍ എന്നെ സംബന്ധിച്ചിടത്തോളം വേദങ്ങള്‍ പിറന്ന നാടാണ്. അപമാനകരമായ നാടല്ല. പാകിസ്ഥാന്‍ പ്രേമികള്‍ എന്റെ വാക്കിന്റെ അടിസ്ഥാനത്തില്‍ വിരോധികള്‍ ആയതിന്‍ സന്തോഷമുണ്ടെന്നും ശശികല പറഞ്ഞു.
2011ല്‍ അമേരിക്കയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ശശികല വല്ലപ്പുഴയെ പാകിസ്ഥാനോട് ഉപമിച്ചത്. താന്‍ ജീവിക്കുന്ന നാടും അധ്യാപികയായി ജോലി ചെയ്യുന്ന സ്‌കൂളും പാകിസ്ഥാന് തുല്യമെന്നാണെന്നായിരുന്നു പരാമര്‍ശം. ഈ പ്രസംഗവും അവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ കേസിന് ആധാരമായ പ്രസംഗങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നുവെന്ന ന്യായീകരണത്തോടെ സമീപകാല പ്രസംഗങ്ങളില്‍ ഈ ആക്ഷേപം ആവര്‍ത്തിച്ചതോടെയാണ് വല്ലപ്പുഴ ശശികലയ്‌ക്കെതിരെ തിരിഞ്ഞത്.
വര്‍ഷങ്ങളായി മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടും കെ പി ശശികലയെന്ന അധ്യാപികയ്‌ക്കെതിരെ വല്ലപ്പുഴ ഹയര്‍സെക്കണ്ടറി സ്‌കൂളിലോ നാട്ടിലോ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ശശികലയുടെ രാഷ്ട്രീയം സ്‌കൂളിനെ ബാധിച്ചിരുന്നു. പക്ഷെ സ്‌കൂളിനേയും നാടിനേയും പാകിസ്ഥാനോട് ഉപമിച്ചതോടെ കാര്യങ്ങള്‍ മാറി. ശശികല പരസ്യമായി മാപ്പു പറഞ്ഞ് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന അഭിപ്രയാമാണ് അവരുടെ പല സഹപ്രവര്‍ത്തകര്‍ക്കുമുള്ളത്.
എന്നാല്‍ പിന്മാറാന്‍ താനില്ലെന്നാണ് ശശികലയുടെ നിലപാട്. പൊലീസ് വണ്ടികള്‍ കാവല്‍ നില്‍ക്കുന്ന സ്‌കൂളില്‍ ജാമ്യമില്ലാ കുറ്റത്തിന് കേസെടുത്തിട്ടുളള അധ്യാപിക ക്ലാസെടുത്ത് പോകുന്നു. വെല്ലുവിളികളുടെ വെടിമരുന്ന് നിറഞ്ഞ പ്രസംഗങ്ങള്‍ക്കും ഒരു കുറവുമില്ല.
'വല്ലപ്പുഴയെ പാകിസ്ഥാനെന്ന് വിളിച്ച് വിളിച്ച് അപമാനിച്ച ശശികലക്ക് വല്ലപ്പുഴയിലെ കുട്ടികളെ പഠിപ്പിക്കാന്‍ എന്തവകാശം' ? ഇതാണ് ജനകീയ പ്രതികരണവേദിയുടെ ചോദ്യം. ഈ ചോദ്യമുയര്‍ത്തി അഞ്ഞൂറോളം പേര്‍ പ്രകടനം നടത്തിയിരുന്നു. ശക്തമായ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നത്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പേരില്‍ പ്രസംഗിച്ച ശശികല ടീച്ചര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. അവരെ അറസ്റ്റ് ചെയ്യുകയും സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്യണമെന്നാണ് ജനകീയ പ്രതികരണ വേദിയുടെ ആവശ്യം.
ഈ ആവശ്യമുന്നയിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും പ്രകടനം നടത്തിയിരുന്നു. മറുപടിയെന്നോണം സംഘപരിവാര്‍ സംഘടനകള്‍ ശശികലയ്ക്ക് അനുകൂലമായി പ്രകടനം നടത്തി. തുടര്‍ന്നാണ് രാഷ്ട്രീയഭേദമെന്യേ ജനകീയ പ്രതികരണ വേദി സംഘടിപ്പിച്ചത്. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളോ അധികൃതരോ തയ്യാറായില്ല.
No comments:
Post a Comment