കൊച്ചി: മലയാളത്തിന്‍റെ ജനപ്രിയ താരജോഡി ഇനി ജീവിതത്തിലും ഒരുമിച്ച്. കാവ്യ മാധവൻ-ദിലീപ് വിവാഹം കൊച്ചിയിൽ നടന്നു. ആരാധകരെ അറിയിക്കാതെ കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നടത്തിയ ലളിതമായ ചടങ്ങില്‍ വളരെ ചുരുക്കം പേരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. ഒൻപതിനും പത്തരയ്ക്കും ഇടയിലുള്ള മുഹുർത്തത്തിലായിരുന്നു വിവാഹം.
വിവാഹ വാർത്ത ദിലീപ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. മകൾ മീനാക്ഷിയുടെ പിന്തുണയും തനിക്കുണ്ടെന്ന് ദിലീപ് ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരെ അറിയിച്ചു. ഗോസിപ്പിലൂടെ നിറഞ്ഞു നിൽക്കുന്ന തന്‍റെ കൂട്ടുകാരിയെ തന്നെ വിവാഹം കഴിക്കുകയാണെന്നും ദിലീപ് പറഞ്ഞു. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും, സിനിമ രംഗത്തെ പ്രമുഖരുമാണ് ചടങ്ങിൽ പങ്കെടുത്തത്.
സിനിമ ലോകത്ത് നിന്ന് മമ്മൂട്ടി, ജയറാം, സലീം കുമാർ, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, മീരാ ജാസ്മിൻ, കെപിഎസി ലളിത, ജോമോൾ, മേനക സുരേഷ്, നരേയ്ൻ, സിദ്ദിഖ്, ലാൽ, ചിപ്പി, സംവിധായകൻ കമൽ, സിദ്ധിക്, സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മഞ്ജുവാര്യരുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തെറ്റായ പ്രചാരണങ്ങൾ ആണെന്നായിരുന്നു ഇരുവരുടേയും പ്രതികരണം.
No comments:
Post a Comment