നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ വികാരധീനനായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. തനിക്കുളളതെല്ലാം രാജ്യത്തിനുവേണ്ടി ഉപേക്ഷിതാണെന്നും കസേരയ്ക്ക് വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ താനൊരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ മോഡി ഗോവയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് തറക്കല്ലിട്ടശേഷം സംസാരിക്കുമ്പോഴാണ് വികാരധീനനായത്.
അഴിമതിക്കെതിരെ പോരാടാനായിട്ടാണ് ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ കള്ളപ്പണവും അഴിമതിയും തടയുകയാണ് ലക്ഷ്യം. നവംബര്‍ എട്ടിനുശേഷം രാജ്യത്ത് ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. എല്ലാ ബിനാമി ഇടപാടുകളും പരിശോധിക്കും. പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവെക്കാനില്ല. അഴിമതിക്കെതിരെയുളള സര്‍ക്കാരിന്റെ പോരാട്ടം തുടരും. ചെറിയ തുകയുടെ നോട്ടുകള്‍ ബാങ്കുകളില്‍ ലഭ്യമാണ്. ജനങ്ങള്‍ ഇക്കാര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. പണം ലഭിക്കാനായി തുടര്‍ച്ചയായി ബാങ്കിലേക്ക് ജനങ്ങള്‍ പോകേണ്ടതില്ല. ഇന്ത്യയിലെ അവസാനത്തെ കള്ളപ്പണവും കണ്ടെത്തേണ്ടത് രാജ്യത്തിന്റെ ചുമതലയാണ്. ബിനാമികളെ ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചവരെ വെളിച്ചത്ത് കൊണ്ടുവരും.
രാജ്യത്തിന് വേണ്ടി വീടും കുടുംബവും എല്ലാം ത്യജിച്ചയാളാണ് ഞാന്‍. ഓഫീസിലെ വലിയ കസേരയില്‍ വെറുതെ ഇരിക്കാനായിട്ടല്ല ഞാന്‍ ജനിച്ചത്. വിട്ടുവീഴ്ച ചെയ്യാന്‍ ഒരുക്കവുമല്ല. എല്ലാവരും വന്നുപോകുന്നത് പോലെ വന്നുപോകുമെന്ന് കരുതുകയും വേണ്ട്. ഡിസംബര്‍ 30നുള്ളില്‍ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുളള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. ഡിസംബര്‍ 30നുശേഷവും എന്റെ തീരുമാനം തെറ്റാണെന്ന് തെളിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്നെ ശിക്ഷിക്കാം. രാജ്യത്തെ ദാരിദ്രവും ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും കാണുന്നുണ്ട്. ജനങ്ങള്‍ അനുഭവിക്കുന്ന വേദനകള്‍ എനിക്ക് മനസിലാകുന്നുണ്ട്. പത്തുമാസം മുന്‍പ് തുടങ്ങിയ നടപടികളാണ് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുളള കാര്യങ്ങള്‍. അഴിമതിക്കെതിരെയുളള പോരാട്ടത്തിന്റെ ഭാഗമാകുന്ന ജനങ്ങളെയും ബാങ്ക് ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മോഡി വിശദമാക്കി. തനിക്കെതിരെ നീക്കങ്ങള്‍ നടക്കുന്നത് അറിയാമെന്നും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു.
No comments:
Post a Comment