മലപ്പുറം: തിരൂരങ്ങാടി കൊടിഞ്ഞിയില്‍ മതം മാറിയ യുവാവിനെ കൊലപ്പെടുത്തിയതിന് സ്വന്തം ബന്ധുക്കളെന്ന് സംശയിച്ച് അമ്മയും സൃഹൃത്തുക്കളും.
പുല്ലാണി കൃഷ്ണന്‍ നായരുടേയും മിനാക്ഷിയുടേയും മകനായ ഫൈസല്‍ എന്ന യുവാവാണ് കൊടിഞ്ഞി ഫറൂഖ് നഗറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മതം മാറുന്നതിന് മുന്‍പ് അനില്‍കുമാറെന്നായിരുന്നു ഫൈസലിന്റെ പേര്. ഗള്‍ഫിലേക്ക് ഞായറാഴ്ച പോകാനിരിക്കേ തന്നെ കാണാനെത്തിയ ഭാര്യ പിതാവിനെ കൂട്ടിക്കൊണ്ടു വരാന്‍ താനൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്.
നേരത്തെ തനിക്ക് തന്റെ ബന്ധുക്കളില്‍ നിന്ന് ഭീഷണിയുള്ളതായി ഫൈസല്‍ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മരണത്തിന് രണ്ട് ദിവസം മുന്‍പ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് തനിക്ക് ഭീഷണിയുള്ളതായി പറഞ്ഞിരുന്നുവെന്ന് ഫൈസലിന്റെ സുഹൃത്ത് പ്രാദേശിക മാധ്യമത്തിനോട് വെളിപ്പെടുത്തിയിരുന്നു.
ഫൈസലിന്റെ കുടുംബവും ഈ കൊലപാതകത്തിനു പിന്നില്‍ തങ്ങളുടെ ബന്ധുക്കള്‍ തന്നെയാണ് ഉള്ളതെന്ന് സംശയിക്കുന്നതായി വിവരങ്ങളുണ്ട്. അനില്‍കുമാറെന്ന തന്റെ മകന്‍ ഇസ്ലാം മതം സ്വീകരിച്ച് ഫൈസലായതില്‍ അമ്മ മീനാക്ഷിക്ക് എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ബന്ധുക്കള്‍ക്ക് ഫൈസലിന്റെ ഈ തീരുമാനത്തോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.
ഫൈസലിന്റെ മതം മാറാനുള്ള തീരുമാനം അമ്മയ്ക്കും മകനുമിടയില്‍ യാതൊരു വിടവും സൃഷ്ടിച്ചിരുന്നില്ലെന്ന് ഡിവൈഎഫ്‌ഐ കൊടിഞ്ഞി ഏരിയാ സെക്രട്ടറി പ്രശാന്ത് സൗത്ത് ലൈവിനോട് പറഞ്ഞു.
ഫൈസലിന് അമ്മ മീനാക്ഷി അന്ത്യചുംബനം നല്‍കുന്നത് അവിടെ കൂടിയിരുന്നവരുടെ ഹൃദയം തകര്‍ക്കുന്ന കാഴ്ചായിരുന്നു. ഫൈസലിന് യാത്രാമൊഴിയേകുവാന്‍ ആദ്യം മൃതദേഹം സൂക്ഷിച്ചിരുന്നത് പ്രദേശത്തെ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലായിരുന്നു. അമ്മ മീനാക്ഷി മകനെ അവസാനമായി കാണാന്‍ അവിടെയെത്തിയിരുന്നു. ആ കാഴ്ച ഹൃദയഭേദകവും മതം ആ മകനും അമ്മക്കുമിടയില്‍ യാതൊരു വിടവും സൃഷ്ടിച്ചിട്ടില്ലെന്ന് വിളിച്ചോതുന്നതായിരുന്നു.
പ്രശാന്ത്, ഡിവൈഎഫ്‌ഐ കൊടിഞ്ഞി ഏരിയാ സെക്രട്ടറി
കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും അന്വേഷണത്തിനായി രണ്ട് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും കേസന്വേഷണത്തിന്റെ ചുമതലയുള്ള കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹനീഫ പറഞ്ഞു.
അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. കുറ്റവാളികളെ ദിവസങ്ങള്‍ക്കകം തന്നെ പിടികൂടാനാവുമെന്നാണ് കരുതുന്നത്. പ്രദേശത്ത് ചെറിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. എങ്കിലും എല്ലാം നിയന്ത്രണത്തിലാണ്.
ഹനീഫ, കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍
പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാവാതിരിക്കുന്നതിന് വേണ്ടി സിഐയുടെ നേതൃത്വത്തില്‍ ഞായറാഴ്ച കാലത്ത് സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നു. എല്ലാ പാര്‍ട്ടി നേതാക്കളും സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാവാതിരിക്കാന്‍ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്തതായും സിഐ പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് സാഹചര്യങ്ങള്‍ കാണിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് അന്‍വര്‍ സാദത്ത് സൗത്ത്‌ലൈവിനോട് പറഞ്ഞു. കൊലപാതകം നടത്തിയവര്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
കൊടിഞ്ഞിയില്‍ യാതൊരു തരത്തിലുള്ള വര്‍ഗീയ സംഘര്‍ഷ സാഹചര്യങ്ങളുമുണ്ടായിരുന്നില്ല. മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐയും ആര്‍എസ്എസും പ്രദേശത്തുണ്ടെങ്കിലും അത്ര സജീവമല്ല. ഇതാദ്യമായാണ് മതം തെരഞ്ഞെടുത്തതിന്റെ പേരില്‍ ഒരാള്‍ ഇവിടെ കൊല്ലപ്പെടുന്നത്.
ഇബ്രാഹിം കുട്ടി, സിപിഐഎം തിരൂരങ്ങാടി എരിയ കമ്മറ്റി അംഗം
ഫൈസലിന്റെ മൃതദേഹം കബറടക്കത്തിനായി കൊണ്ടു പോയ വിലാപയാത്ര പതിവില്‍ നിന്ന് വ്യത്യസ്തമായിരുന്നു. മൃതദേഹത്തിന് തൊട്ടു മുന്നില്‍ നടന്ന ഒരു സംഘമാളുകള്‍ മുദ്രാവാക്യ സ്വഭാവത്തില്‍ തഖ്ബീര്‍ വിളിച്ചു.
No comments:
Post a Comment