Wednesday, 30 November 2016

ഫൈസലിന്റെഅമ്മ മീനാക്ഷി  ഇസ്‌ലാം സ്വീകരിച്ചു;അച്ഛൻ നാളെ ഇസ്ലാം മതം സ്വീകരിച്ചേക്കും?


കൊടിഞ്ഞിയില്‍ മതം മാറിയതിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന ഫൈസലിന്റെ മാതാവ് മീനാക്ഷി ഇസ്‌ലാം സ്വീകരിച്ചു.  ജമീല എന്ന പേരാണ് സ്വീകരിച്ചത്. പൊന്നാനിയില്‍ നിന്നും വന്ന തങ്ങളാണ് അവര്‍ക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തത്. ഇസ്‌ലാം സ്വീകരിച്ച ഫൈസലിന്റെ ഭാര്യ മതപഠനത്തിനായി പൊന്നാനിയിലേക്കു പോകാനിരിക്കുകയാണ്. ഫൈസലിന്റെ മാതാവും മതപഠനത്തിനായി പൊന്നാനിയിലേക്കാണ് പോകുന്നത്.
തന്റെ സമ്മതം വാങ്ങിയ ശേഷമാണ് ഫൈസല്‍ മതം മാറിയതെന്ന് മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ സഹോദരന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഇസ്‌ലാം സ്വീകരിച്ചതാണ്. മതം മാറിയ ഫൈസല്‍ വീട്ടുകാരെയും ഈ മാര്‍ഗ്ഗത്തിലെത്തിക്കന്നത് തടയാനാണ് സഹോദരീ ഭര്‍ത്താവായ വിനോദിന്റെ നേതൃത്വത്തില്‍ ഫൈസലിനെ വെട്ടിക്കൊന്നത്. മതംമാറിയതിന് ഫൈസലിന്റെ തലയറുക്കുമെന്ന് ഇയാള്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയതായും മാതാവ് മീനാക്ഷി പറഞ്ഞിരുന്നു.

വിവാഹ വാര്‍ത്ത വ്യാജം: മഖ്ബൂല്‍ സല്‍മാന്‍

    

തന്റെ പേരില്‍ പ്രചരിക്കുന്ന വിവാഹവാര്‍ത്തക്കെതിരെ പ്രതികരിച്ച് നടന്‍ മഖ്ബൂല്‍ സല്‍മാന്‍. വിവാഹ വാര്‍ത്ത തെറ്റാണെന്ന് മഖ്ബൂല്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മഖ്ബൂല്‍ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മഖ്ബൂലിന്റെ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ വാട്‌സ്അപ്പിലൂടെയും ഫേസ്ബുക്കിലൂടേയും ഫോട്ടോ പ്രചരിച്ചത്. എന്നാല്‍ ഇത് തന്റെ വിവാഹത്തിന്റേതല്ലെന്നും അങ്ങനെ ഉണ്ടായാല്‍ എല്ലാവരേയും അറിയിക്കുമെന്നും മഖ്ബൂല്‍ പറയുന്നു. പ്രചരിക്കുന്ന ഫോട്ടോകള്‍ തന്റെ കുടുംബപരിപാടിയുടേതായിരുന്നുവെന്ന് മഖ്ബൂല്‍ വ്യക്തമാക്കി.

 

പ്രതി വിനോദിന് വീടും സ്ഥലവും വാങ്ങി കൊടുത്തത് കൊല്ലപ്പെട്ട ശഹീദ് ഫൈസല്‍



    

തിരൂരങ്ങാടി: മലപ്പുറത്ത് മതം മാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ട ഫൈസലിനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയതിന് പിടിയിലായ വിനോദിന് വീടും സ്ഥലവും വാങ്ങി നല്‍കിയത് ഫൈസലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഫൈസലിന്റെ സഹോദരി ഭര്‍ത്താവും അമ്മാവന്റെ മകനുമാണ് വിനോദ്. കഴിഞ്ഞ തവണ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ സമയത്താണ് വീടിനോട് ചേര്‍ന്ന് നാല് സെന്റ് സ്ഥലവും ചെറിയ വീടും വിനോദിനായി ഫൈസല്‍ നിര്‍മിച്ചു നല്‍കിയത്.

സ്ഥലം വാങ്ങുന്നതിനുള്ള നാലു ലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിനുള്ള തുകയും നല്‍കിയത് ഫൈസലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മദ്യപിച്ചെത്തുന്ന വിനോദ് സഹോദരിയെ മര്‍ദിക്കുന്നത് കണ്ട് സഹിക്കെട്ടാണ് ഫൈസല്‍ വീടും സ്ഥലവും വാങ്ങി നല്‍കിയത്. ഈ ഇനത്തില്‍ ഫൈസലിന് കടം വന്നതായും ബന്ധുക്കള്‍ പറഞ്ഞു.

ഐഎഎസ് പ്രണയം:ലവ് ജിഹാദ് എന്നും ഘര്‍വാപസി വേണമെന്ന് ഹിന്ദു മഹാസഭ


ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരിയായ ടിന ദാബിയും രണ്ടാം റാങ്കുകാരനായ അത്തര്‍ ആമിറുല്‍ ഷാഫിയും തമ്മില്‍ വിവാഹിതരാവുന്നതിനെതിരേ ഹിന്ദു മഹാസഭ. ഉദ്യോഗസ്ഥമന്ത്രാലയ ഓഫിസിലെ പരിശീലനത്തിനിടയിലാണ് ഈ ഐഎഎസുകാര്‍ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ടിനയും അത്തറും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഈ വിവാഹത്തെ എതിര്‍ത്ത് ഹിന്ദു മഹാസഭ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ടിന ദാബി കശ്മീരിലെ മുസ്‌ലിം യുവാവ് കൂടിയായ അത്തര്‍ ആമിറിനെ വിവാഹം കഴിക്കുന്നത് ലൗ ജിഹാദാണെന്നാണ് ഹിന്ദു മഹാസഭയുടെ ആരോപണം. ഇക്കാര്യം പറഞ്ഞ് ഹിന്ദു മഹാസഭ ടിന ദാബിയുടെ പിതാവിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി മുന്നകുമാര്‍ ശര്‍മയുടെ പേരിലാണ് കത്ത്. ഇന്ത്യ ഇസ്‌ലാമികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് മുസ്‌ലിം തീവ്രവാദികള്‍ ലൗ ജിഹാദ് പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ ലൗ ജിഹാദില്‍ നിന്നു പിന്തിരിയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വിവാഹവുമായി മുന്നോട്ടുപോവാനാണ് തീരുമാനമെങ്കില്‍ അത്തര്‍ ആമിറിന്റെ കുടുംബത്തെ ഘര്‍വാപസി നടത്തണമെന്നും അതിന് തങ്ങള്‍ സഹായിക്കാമെന്നും കത്തിലുണ്ട്. എന്നാല്‍, വ്യത്യസ്ത മതവിശ്വാസികള്‍ തമ്മിലുള്ള വിവാഹം ക്രിമിനല്‍ക്കുറ്റമായി കാണുന്നവര്‍ ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നാണ് കത്തിലൂടെ വ്യക്തമാവുന്നതെന്നും താന്‍ സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീയാണെന്നും തനിക്ക് തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവകാശമുണ്ടെന്നുമാണ് സംഭവത്തോട് ടിനയുടെ പ്രതികരണം.

കൊച്ചി മെട്രോയുടെ യാത്രാ നിരക്കുകൾ തീരുമാനിച്ചു; മിനിമം 10 രൂപയും, പരമാവധി 60 രൂപയും

 

കൊച്ചി : കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ യാത്രാ നിരക്കുകൾ തീരുമാനിച്ചു. 10 രൂപയാണ് മിനിമം യാത്രാക്കൂലി. പരമാവധി 60 രൂപയാണ്  ഇന്നു ഡൽഹിയിൽ ചേർന്ന കെഎംആർഎലിന്‍റെ ഇരുപത്തിയഞ്ചാമതു ഡയറക്റ്റർ ബോർഡ് യോഗമാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചത്.

20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റർവരെ യാത്ര ചെയ്യാം. 10 കിലോമീറ്റർ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റിൽ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്. 50 രൂപയ്ക്ക് 20 കിലോമീറ്റർ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് യാത്രാ നിരക്കുകളുടെ ക്രമീകരണം.

അതേസമയം, അന്തിമ നിരക്ക് സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും.ആറ് ബാന്‍ഡുകളാണ് ഉള്ളത്. ഇതില്‍ ആദ്യ രണ്ട് സ്‌റ്റേഷന് പത്തു രൂപ. പരമാവധി അറുപതു രൂപ. മെട്രോ സ്‌റ്റേഷന്‍ പരിസരം നവീകരിക്കാന്‍ 100 കോടി രൂപ അനുവദിച്ചു.

Tuesday, 29 November 2016

കാസ൪ഗോഡിന് കണ്ണിരിന്‍റെ ദിനങ്ങള്‍;ബദിയടുക്കയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി


ബദിയടുക്ക:യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബദിയടുക്ക പിലാങ്കട്ട അര്‍ത്തിപ്പള്ള ഹൗസിലെ പരേതനായ ഹംസ - നഫീസ ദമ്പതികളുടെ മകളും ബദിയടുക്ക കാടമനയിലെ അബൂബക്കറിന്റെ ഭാര്യയുമായ റംലത്തി(30)നെയാണ് തൂങ്ങിമിരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. റംലത്തിന് സുഖമില്ലെന്നും കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഭര്‍ത്താവ് അറിയിച്ചതിനെതുടര്‍ന്ന് ഏക സഹോദരന്‍ ഖാദര്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിലാണ് റംലത്തിനെ കൊണ്ടുവന്നതെന്ന് വ്യക്തമായത്. മരണത്തില്‍ റംലത്തിന്റെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. 14 വര്‍ഷം മുമ്പാണ് റംലത്തിന്റെ വിവാഹം നടന്നത്.

ഇവര്‍ക്ക് അജ്മല്‍ (14), ഹബീബ (10), അഫ്‌സല്‍ (എട്ട്) മൂന്ന് മക്കളുണ്ട്. ഭര്‍ത്താവ് സ്ത്രീധനവും മറ്റും ആവശ്യപ്പെട്ട് റംലത്തിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ചിക്കമംഗളൂരു സ്വദേശിനിയായ റംലത്തും കുടുംബവും 20 വര്‍ഷം മുമ്പാണ് ബദിയടുക്ക പിലാങ്കട്ടയില്‍ താമസം ആരംഭിച്ചത്.

കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ റംലത്തിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചത്. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിദഗ്ദ്ധ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

തെലങ്കാനയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; രണ്ടു പേര്‍ മരിച്ചു

    

ഹൈദരാബാദ്: കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ടു. രണ്ടു പേര്‍ മരിച്ചു. മഹ്ബൂബ് നഗറിനു സമീപം ബസ് ലോറിക്ക് പിന്നിലിടിച്ചാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ ബസ് ഡ്രൈവറും ക്ലീനറും മരിച്ചു. 20-ലേറെ പേര്‍ക്ക് പരിക്കേറ്റു.

പെരിന്തല്‍മണ്ണ അല്‍ഷിഫ ഫാര്‍മസ്യൂട്ടിക്കല്‍ കോളേജില്‍ നിന്നുള്ള 28 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമാണ് അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്നത്. ഹൈദരാബാദിന് 85 കിലോമീറ്റര്‍ അകലെ ജദ്ചര്‍ല മണ്ഡലിലെ മചാറം ഹൈവേയില്‍ വെച്ച് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.

റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒരു സ്ത്രീയെ രക്ഷിക്കാന്‍ ബസ് ഡ്രൈവര്‍ ശ്രമിക്കവെയാണ് ലോറിക്ക് പിന്നിലിടിച്ചത് എന്നാണ് സൂചന. പരിക്കേറ്റവരെ സമീപത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

സഊദിയിലെ പെരുമഴ: വാഹനത്തില്‍ കുടുങ്ങിയ മലയാളി മരിച്ചു


റിയാദ്: മഴക്കെടുതിയില്‍ മലയാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് പളളിത്തൊടിക എന്ന എഴുത്തച്ചന്‍കണ്ടി ശിഹാബുദ്ദീന്‍ (30) ആണ് മരിച്ചത്. ദിബാജ് ട്രേഡിങ് കമ്പനിയിലെ ടെക്‌സ്റ്റയില്‍സ് ഡിവിഷനില്‍ വാന്‍ സെയില്‍സ്മാനാണ്. റിയാദില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെ മറാത്തില്‍ ശിഹാബുദ്ദീന്റെ വാന്‍ മഴ വെളളം നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ എഞ്ചിന്‍ പ്രവര്‍ത്തന രഹിതമായി.

വിജനമായ റോഡില്‍ രാത്രി മുഴുവന്‍ വാഹനത്തില്‍ കുടുങ്ങിയ ശിഹാബുദ്ദീന്‍ അതിശൈത്യവും ഐസ് മഴയും സഹിക്കാന്‍ കഴിയാതെ മരിച്ചു എന്നാണ് വിവരം. മയ്യിത്ത് മറാത്ത് ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ സലീന. ഫഹ്മ (4) ഫൈഹ (1) മക്കളാണ്. പിതാവ് അലി. മാതാവ് സൈനബ. ഫിറോസ്, മുജീബ് സഹോദരങ്ങളാണ്. അവധി കഴിഞ്ഞ് ഒരു മാസം മുമ്പാണ് റിയാദില്‍ മടങ്ങിയെത്തിയത്.

അപകട വിവരം അറിഞ്ഞ് റിയാദ് കരുവാരക്കുണ്ട് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് എന്ന കുഞ്ഞാപ്പ, ശുഐല്‍ മാട്ടുമ്മല്‍, നൗഷാദ് പടിപ്പുര, ഫസല്‍ റയാന്‍ എന്നിവര്‍ മറാത്ത് ജനറല്‍ ആസ്പത്രിയിലെത്തി.

Monday, 28 November 2016

റഹ്മാനിയ മാനിയ്യ ബുക്ക് സ്റ്റാള്‍ ഉടമ അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്യാതനായി




കുമ്പള റഹ് മാനിയ്യ ബുക്ക് സ്റ്റാള്‍ ഉടമയും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രധാന സാരഥിയുമായ അബ്ദുര്‍ റഹ് മാന്‍ ഹാജി (68) നിര്യാതനായി. ഉപ്പള എം.ടി.സി ഹജ്ജ് ഗ്രൂപ്പ് ചീഫ് അമീറും മുഹിമ്മാത്ത് ഉപാധ്യക്ഷനുമായ സി. അബ്ദുല്ല മുസ്ലിയാരുടെ സഹോദരനാണ്.

സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ഉപാധ്യക്ഷന്‍, കേരള മുസ്ലിം ജമാഅത്ത് കുമ്പള സര്‍ക്കിള്‍ പ്രസിഡണ്ട്, മൈമൂന്‍ നഗര്‍ മഹല്ല് ട്രഷറര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു. മര്‍കസ്, സഅദിയ്യ, മുഹിമ്മാത്ത്, മള്ഹര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അടുത്ത സഹകാരിയാണ്. 1970 ല്‍ റഹ് മാന്‍ ഹാജി തുടങ്ങിയ റഹ് മാനിയ്യ ബുക്ക് സ്റ്റാള്‍ കുമ്പളയിലെ ആദ്യകാല വ്യാപാര സ്ഥാപനങ്ങളിലൊന്നാണ്. നിരവധി ആനുകാലികങ്ങളുടെ ഏജന്‍സിക്കു പുറമെ ധാരാളം വിജ്ഞാന ഗ്രന്ഥങ്ങളുടെ പ്രസിദ്ദീകരണവും റഹ് മാനിയ്യ ഏറ്റെടുത്തിരുന്നു. മുഅല്ലിം ഖത്തീബ് ബ്യൂറോ കൂടിയായിരുന്നു ഒരു കാലത്ത് ഈ ബുക്ക സ്റ്റാള്‍. പ്രിംന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് അസോസിയേഷന്റെ ജില്ലാ സാരഥ്യം വഹിച്ചിട്ടുണ്ട്. എസ്.വൈ.എസിന് വിവിധ ഘടകങ്ങളില്‍ നേതൃത്വം നല്‍കിയ അദ്ദേഹം മൊഗ്രാല്‍ മഹല്ല് ട്രഷററായും പ്രവര്‍ത്തിച്ചു. വ്യാപാരി സംഘടനയിലും സജീവമായിരുന്നു.

പരേതനായ അബ്ദുല്‍ ഖാദറിന്റെ മകനാണ്. ഭാര്യമാര്‍: സക്കീന പൊവ്വല്‍, പരേതയായ ആസ്യുമ്മ കൊടിയമ്മ. മക്കള്‍: മുഹമ്മദ് ഇഖ്ബാല്‍, അബ്ദുല്‍ ഖാദര്‍ (റഹ് മാനിയ്യ ബുക്ക് സ്റ്റാള്‍ പാര്‍ട്ണര്‍മാര്‍), ഷരീഫ് (ദുബൈ), ഹാഫിസ് രിഫാഇ, ഗസ്സാലി, യാഫിഅ്, സിദ്ദീഖ്, (വിദ്യാര്‍ത്ഥികള്‍) സുഹറ, മിസ് രിയ, ഹഫ്‌സ, കുബ്‌റ. മറ്റു സഹോദരങ്ങള്‍: മമ്മു ഹാജി, നഫീസ, ഖജീജ.

റഹ് മാനിയ്യ ഹാജിയുടെ നിര്യാണത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍, സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജില്ലാ പ്രസിഡണ്ട് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.എം.എ ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ്.ജെ.എം ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ അനുശോചിച്ചു.

ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ മൊഗ്രാല്‍ മൈമൂന്‍ നഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ധൈര്യമുണ്ടെങ്കില്‍ കേരളത്തിലോട്ട് വാടാ….അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഫേയ്‌സ ബുക്ക് പേജില്‍ മല്ലൂസിന്റെ പൊങ്കാല

    

തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ ട്രംപിന്റെ ഫേയ്‌സ് ബുക്ക് പേജില്‍ മല്ലൂസിന്റെ പൊങ്കാല. സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവ മുതല്‍ ന്യൂയോര്‍ക്ക് ടൈംസ് വരെ മലയാളികളുടെ സൈബര്‍ ചൂടറഞ്ഞിട്ടുണ്ട്. ഫിദല്‍ കാസ്‌ട്രോയെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ പ്രസ്താവനയാണ് മല്ലൂസിനെ ചൊടിപ്പിച്ചത്.

ക്രൂരനായ ഏകാതിപധിയായിരുന്നു ഫിദല്‍ കാസ്ട്രോയൊന്നാണ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവനയില്‍ കുറിച്ചത്. കാസ്ട്രോയുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ച ശേഷം ‘ഫിഡല്‍ കാസ്ട്രോ മരിച്ചു’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഇറക്കിയ വിശദമായ പ്രസ്താവനയിലാണ് കാസ്ട്രോയോടുള്ള നയം ട്രംപ് വ്യക്തമാക്കി. ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയുമുണ്ടായി. ഈതിന്റെ താഴെ കമന്റ് ബോക്സിലാണ് തനി മലയാളത്തില്‍ പൊങ്കാലയിട്ട് തനിനിറം കാണിച്ചത്.

തന്റെ ഭരണകാലത്ത് സ്വന്തം ജനതയെ അടിച്ചമര്‍ത്തുകയായിരുന്നു കാസ്ട്രോ ചെയ്തതെന്നും ഭീതി വിതച്ച കാസ്ട്രോ ഭരണത്തില്‍ കൊള്ളയും ദുരിതവും ദാരിദ്രവും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ക്യൂബയില്‍ അരങ്ങേറിയതെന്നും ട്രംപ് പറഞ്ഞു. കാസ്ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും ക്യൂബയ്ക്ക് ഇനി സമ്പല്‍സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതുയുഗം ലഭിക്കുമെന്നും ട്രംപ് പ്രസ്താവനയില്‍ പറയുകയുണ്ടായി.

ഈ പ്രസ്താവനക്ക് കീഴിലായി തനി മലയാളത്തിലാണ് പച്ചത്തെറികളുമായി മലായാളികള്‍ കളം നിറഞ്ഞത്. രസകരമായ കമന്റുകളും ഇതിനൊപ്പമുണ്ട്. ‘നീ തന്തയ്ക്ക് പിറന്ന അമേരിക്കന്‍ പ്രസിഡന്റാണേ അധികാരം ഏറ്റെടുത്തതിനുശേഷം നീയൊന്നു കേരളത്തിലോട്ട് വാടാ നിന്നെ ഞങ്ങള്‍ക്കൊന്ന് കരിങ്കൊടി കാണിക്കാനാടാ..” – ഇങ്ങനെ പോകുന്നു കമന്റുകള്‍. പച്ചത്തെറികള്‍ ഗൂഗിളില്‍ ട്രാന്‍സ്ലേറ്റ് ചെയ്ത് നോക്ക് ട്രംപേട്ടാ..എന്നു പറയുന്ന കമന്റുകളും ഇതോടൊപ്പമുണ്ട്.

‘ ഐസന്‍ഹോവര്‍ മുതല്‍ ജോര്‍ജ് ബുഷ് രണ്ടാമന്‍വരെ ചുരുങ്ങിയത് പത്ത് അമേരിക്കന്‍ പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട അനുഭവസമ്പത്തും മറ്റൊരാള്‍ക്കുമുണ്ടാവില്ല. കാസ്ട്രോയില്ലാത്ത ഒരു പ്രഭാതം വിടരുന്നതിനെക്കുറിച്ച് ആഗ്രഹിച്ച ജൂനിയര്‍ ബുഷിന് ഇടതുപക്ഷ രാഷ്ട്രീയത്തെ പുല്‍കിയ ലാറ്റിനമേരിക്കയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുംവിധം മാറിയ ഫിഡലിനെ കണ്ട് അധികാരത്തിന്റെ പടിയിറങ്ങേണ്ട ഗതികേടാണുണ്ടായത്. കാസ്ട്രോയുടെ നിഴലിനെ പോലും പേടിക്കുന്ന നീയോക്കെ ഒരു ആണാണോടാ കോപ്പെ”- ഇങ്ങനെയാണ് ഒരു കമന്റ്.

ട്രംപിന്റെ പ്രസ്താവനയെ അനുകൂലിച്ചു കൊണ്ടും ബിജെപി അനുഭാവികളായവരും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ അമേരിക്കന്‍ പ്രസിഡന്റിന്റെ വാളില്‍ മല്ലൂസിന്റെ തമ്മിലടിയായിട്ടുണ്ട്. അതേസമയം ട്രംപിന്റെ പ്രസ്താവനയെ പ്രതിരോധിച്ചും അനുകൂലിച്ചും ക്യൂബക്കാരും അമേരിക്കക്കാരും തമ്മിലും ഫേസ്ബുക്കില്‍ തമ്മിലടിയാണ്. ഇതിനെടയാണ് മലയാളികളുടെ വക പൊങ്കാലയും.

മുസ്‌ലിം പള്ളികള്‍ക്ക് ഭീഷണിക്കത്ത്: ‘ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്തത് ട്രംപ് മുസ്‌ലിംകളോട് ആവര്‍ത്തിക്കും

    

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ചുള്ള മുസ്‌ലിം പള്ളികള്‍ക്ക് ഭീഷണിക്കത്ത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുസ്‌ലിംകളെ ഒന്നാകെ തുടച്ചുനീക്കുമെന്നാമ് കത്തില്‍ പറയുന്നത്. ജര്‍മാന്‍ ഭരണാധികാരിയായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്തതിനു സമാനമായി ട്രംപ് നിങ്ങളെയും തകര്‍ക്കുമെന്നു കത്തില്‍ പറയുന്നു. മുസ്‌ലിംകള്‍ സാത്താന്റെ സന്തതികളാണ്. അമേരിക്കയിലെ പുതിയ ഷെരീഫാണ്. മുസ്‌ലിംകളെ പുറത്താക്കി അദ്ദേഹം അമേരിക്കയെ വീണ്ടും പ്രകാശപൂരിതമാക്കും-ഇങ്ങനെ നീളുന്നു കത്ത്. കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക്-അമേരിക്കന്‍ റിലേഷന്‍സ് (സിഎഐആര്‍) ഇക്കാര്യം സ്ഥിരീകരിച്ചു.

മുസ്‌ലിംകള്‍ക്ക് കണക്കെടുപ്പിന്റെ ദിനങ്ങള്‍ എത്തിയിരിക്കുന്നു. പെട്ടെന്നു രക്ഷപ്പെടുന്നതാണ് നിങ്ങള്‍ക്കു നല്ലത്. അമേരിക്കക്കാര്‍ നല്ല പാതയിലാണ്. അവരെ ഇനിയും മുന്നോട്ടു കൊണ്ടു പോകാന്‍ ട്രംപിനാകുമെന്നും അമേരിക്കയെ ദൈവം സഹായിക്കട്ടെയെന്നും കത്തില്‍ പറയുന്നു. കാലിഫോര്‍ണിയയിലെ മൂന്നു പള്ളികളാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവം അതീവ ഗൗരവത്തോടെയാണ് കാണേണ്ടതെന്ന് ലോസ്ഏഞ്ചല്‍സിലെ സിഎഐആര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസം അയ്‌ലോഷ് പറഞ്ഞു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ തന്നെ ഡൊണാള്‍ഡ് ട്രംപ് ഇസ്‌ലാം വിരുദ്ധത പ്രകടിപ്പിച്ചതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ടിരുന്നു.

എഫ്ബിഐ കണക്കുകള്‍പ്രകാരം യു.എസില്‍ കഴിഞ്ഞ വര്‍ഷം മാത്രം മുസ്‌ലിം വിരുദ്ധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. 2014നെ അപേക്ഷിച്ച് 67 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് നടന്നതിനു ശേഷം രാജ്യത്ത് 701 അക്രമ സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ പുറത്തുവിട്ട കണക്കുകളില്‍ രേഖപ്പെടുത്തുന്നത്. ട്രംപ് പ്രസിഡന്റായി അധികാരത്തിലേറുന്നതോടെ മുസ്‌ലിം വിരുദ്ധത പതിന്മടങ്ങ് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

മതംമാറിയതിന് കൊല; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍



കൊടിഞ്ഞിയില്‍ മതം മാറിയതിന്റെ പേരില്‍ ഫൈസല്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എട്ടു ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി റിമാന്‍ഡു ചെയ്തു.

അനില്‍ കുമാറെന്ന ഫൈസല്‍ ആറു മാസം മുമ്പാണ് മതം മാറിയത്. നവംബര്‍ 9 നാണ് ഫൈസലിനെ വെട്ടേറ്റ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഫൈസലിന്റെ ഭാര്യാ സഹോദരനും പിടിയിലായിട്ടുണ്ട്.

റിയാദില്‍ ഡ്രൈവറായി ജോലി നോക്കി വന്ന അനില്‍ ഭാര്യയേയും കുട്ടിയേയും മതം മാറ്റിയിരുന്നു. ഫൈസല്‍ എന്നു പേരു സ്വീകരിച്ചതിനെ തുടര്‍ന്ന് ഭാര്യാ സഹോദരനുമായി കലഹം ഉണ്ടായതായി ബന്ധുക്കള്‍ ആരോപിക്കുന്നു

ഭാര്യാ സഹോദരന്‍ വിനോദ്, സജീഷ്, ഹാരിദാസന്‍, ദിനേശന്‍, സുനി, പ്രദീപ്, ലിജേഷ്, ജയപ്രകാശ് എന്നിവരെയാണ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവര്‍ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

കുടുംബത്തിലെ മറ്റ് അംഗങ്ങളും മതം മാറുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഫൈസലിനെ ഇല്ലാതാക്കിയതെന്ന് പോലീസ് കരുതുന്നു. മതം മാറിയതിനെ തുടര്‍ന്ന് ഭാര്യാ സഹോദരന്‍ ഭീഷണിപ്പെടുത്തുന്നതായി ഫൈസല്‍ മാതാവിനോട് പറഞ്ഞിരുന്നതായും പോലീസ് വെളിപ്പെടുത്തി.

Saturday, 26 November 2016

അവസാനം ശത്രുക്കള്‍ തന്നെ സഹായികളായി;തീയണയ്ക്കാന്‍ ഫലസ്തീന്‍ സേനയും; നന്ദി അറിയിച്ച് ഇസ്‌റാഈല്‍

ഇസ്‌റാഈലിലെ ഹൈഫയില്‍ തീയണയ്ക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ട ഫലസ്തീനിയന്‍ സേന.

 

ഹൈഫ: ഇസ്‌റാഈല്‍ നഗരങ്ങളെ ഭീതിയിലാക്കി പരക്കുന്ന തീ അണയ്ക്കാന്‍ ഫലസ്തീനില്‍ നിന്നും നാല് ഫയര്‍ഫൈറ്റിങ് സംഘമെത്തി. തീ വ്യാപകമായി പടര്‍ന്ന ഹൈഫ നഗരത്തില്‍ ഇവര്‍ സജീവമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെന്നുണ്ട്.

ഫലസ്തീന്‍ സേനയുടെ സഹായം സ്വീകരിച്ചതായും അതിര്‍ത്തിയില്‍ ഫലസ്തീന്‍- ഇസ്‌റാഈല്‍ ഫയര്‍ ജീവനക്കാര്‍ തമ്മിലുള്ള സഹകരണത്തിന് ഇസ്‌റാഈല്‍ കോര്‍ഡിനേറ്റര്‍ മേല്‍നോട്ടം വഹിക്കുമെന്നും ഇസ്‌റാഈല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റഷ്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളുടെ സേനാംഗങ്ങള്‍ എത്തിയതിനു പിന്നാലെയാണ് ലോക രാജ്യങ്ങളെ അല്‍ഭുതപ്പെടുത്തി ഫലസ്തീന്റെ സഹായം. ഫലസ്തീന്റെ സഹായത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സന്തുഷ്ടരാണെന്ന് വിദേശനയ മേധാവി ഫെഡറിക്ക മോഘെറിനി പറഞ്ഞു. ഇസ്‌റാഈല്‍ ഉദ്യോഗസ്ഥരും നന്ദി അറിയിച്ചിട്ടുണ്ട്.

ഇതുകൂടാതെ ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ അറബ് അയല്‍രാജ്യങ്ങളും ഇസ്‌റാഈലിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരുടെ സഹായ വാഗ്ദാനം ഇസ്‌റാഈല്‍ സ്വീകരിച്ചിട്ടുമുണ്ട്. ജോര്‍ദാന്‍ ഫയര്‍ ട്രക്കുകളും ഈജിപ്ത് രണ്ട് ഹെലികോപ്റ്ററുകളുമാണ് വാഗ്ദാനം ചെയ്തത്.

അതിനിടെ, ഇത് തീവ്രവാദീ ആക്രമണമാണെന്ന നിലപാടിലാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തീവയ്പ്പുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തതായി ഇസ്‌റാഈല്‍ പൊലിസ് അറിയിച്ചു

Friday, 25 November 2016

പുതിയ 500 രൂപ നോട്ടിൽ ഗാന്ധിജിക്ക് രണ്ടു തല; തിരക്കിട്ട് അച്ചടിച്ചപ്പോഴുള്ള പിശകെന്ന് റിസർവ് ബാങ്ക്

ദില്ലി: നോട്ട് അസാധുവാക്കലിലൂടെ ആകെപ്പാടെ പുലിവാല് പിടിച്ച അവസ്ഥയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ 500 രൂപ നോട്ടും ഇറങ്ങിയപ്പോൾ തലവേദന അൽപം കുറഞ്ഞെന്നു കരുതിയിരുന്നപ്പോഴാണ് ദാ അടുത്ത തലവേദന. പുതിയ 500 രൂപ നോട്ടിലും അച്ചടിപ്പിശക്. ഗുരുതരമായ പിഴവുകളാണ് പുതിയ നോട്ടിൽ സംഭവിച്ചിരിക്കുന്നത്. മറ്റൊന്നുമല്ല., പുതിയ നോട്ടുകളിൽ ഗാന്ധിജിക്ക് രണ്ടു തലയുണ്ട്. തിരക്കിട്ട് അച്ചടിച്ചപ്പോൾ ഉണ്ടായ പിശകാണെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. നോട്ടിലെ പിഴവുകൾ ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, കള്ളനോട്ടുകൾ വളരെപ്പെട്ടെന്ന് വ്യാപിക്കാനും ഇത് ഇടയാക്കുമെന്നു പറയപ്പെടുന്നു. മൂന്നു പിഴവുകളാണ് നോട്ടിൽ സംഭവിച്ചിട്ടുള്ളത്. ചില നോട്ടുകളിൽ ഗാന്ധിജിയുടെയും ദേശീയ ചിഹ്നത്തിന്റെയും ചിത്രങ്ങൾ ശരിയായ രീതിയിൽ പതിഞ്ഞിട്ടില്ല. ഗാന്ധിജിയുടെ മുഖത്തിന് നിഴലുകൾ പോലെ കാണപ്പെടുന്നുമുണ്ട്. ചില നോട്ടുകളിൽ സീരിയൽ നമ്പറുകളിലും പിശകുണ്ട്. ചില നോട്ടുകളുടെ അതിരുകളും തുല്യമല്ല. നിറത്തിലുമുണ്ട് വ്യത്യാസം. രണ്ട് നിറത്തിലുള്ള നോട്ടുകൾ ഇപ്പോൾ പ്രചാരത്തിലുണ്ട് ഇതു ജനങ്ങളെ അധികം പ്രയാസപ്പെടുത്തും.

തിരക്കിട്ട് അച്ചടിച്ചതു കൊണ്ടാണ് പിഴവുണ്ടായതെന്നാണ് റിസർവ് ബാങ്ക് അധികൃതർ പറയുന്നത്. പിശകുള്ള നോട്ടുകൾ ബാങ്ക് കൗണ്ടറുകളിൽ കൊടുത്ത് മാറ്റിയെടുക്കാമെന്ന് ആർബിഐ വക്താവ് അൽപന കിലാവാല പറഞ്ഞു. ഒരു തരത്തിലുള്ള 500 രൂപ നോട്ടുകളേ അച്ചടിക്കുന്നുള്ളൂ എന്ന് ആർബിഐ പറയുമ്പോൾ, ഒരുതരത്തിലുള്ള നോട്ടുകൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്ന് മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള പറഞ്ഞു.

Thursday, 24 November 2016

കാവ്യ മാധവനും ദിലീപും വിവാഹിതരായി


കൊച്ചി: മലയാളത്തിന്‍റെ ജനപ്രിയ താരജോഡി ഇനി ജീവിതത്തിലും ഒരുമിച്ച്. കാവ്യ മാധവൻ-ദിലീപ് വിവാഹം കൊച്ചിയിൽ നടന്നു. ആരാധകരെ അറിയിക്കാതെ കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നടത്തിയ ലളിതമായ ചടങ്ങില്‍ വളരെ ചുരുക്കം പേരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. ഒൻപതിനും പത്തരയ്ക്കും ഇടയിലുള്ള മുഹുർത്തത്തിലായിരുന്നു വിവാഹം.

വിവാഹ വാർത്ത ദിലീപ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. മകൾ മീനാക്ഷിയുടെ പിന്തുണയും തനിക്കുണ്ടെന്ന് ദിലീപ് ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരെ അറിയിച്ചു. ഗോസിപ്പിലൂടെ നിറഞ്ഞു നിൽക്കുന്ന തന്‍റെ കൂട്ടുകാരിയെ തന്നെ വിവാഹം കഴിക്കുകയാണെന്നും ദിലീപ് പറഞ്ഞു. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും, സിനിമ രംഗത്തെ പ്രമുഖരുമാണ് ചടങ്ങിൽ പങ്കെടുത്തത്.

സിനിമ  ലോകത്ത് നിന്ന് മമ്മൂട്ടി, ജയറാം, സലീം കുമാർ, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, മീരാ ജാസ്മിൻ, കെപിഎസി ലളിത, ജോമോൾ, മേനക സുരേഷ്, നരേയ്ൻ, സിദ്ദിഖ്, ലാൽ, ചിപ്പി, സംവിധായകൻ കമൽ, സിദ്ധിക്, സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മഞ്ജുവാര്യരുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തെറ്റായ പ്രചാരണങ്ങൾ ആണെന്നായിരുന്നു ഇരുവരുടേയും പ്രതികരണം.

ഇസ്രയേലില്‍ തീക്കാറ്റ് - പതിനായിരങ്ങള്‍ പലായനം ചെയ്തു

മൂന്നു ദിവസമായി തുടരുന്ന കാട്ടു തീ ജനവാസ മേഖലയിലേക്ക് പടര്‍ന്നതും മുലം ഇസ്രയേലിലെ ഹൈഫ നഗരത്തില്‍ നിന്നും പതിനായിരങ്ങള്‍ പാലായനം ചെയ്തു. ഇതുവരെ അനുഭവപ്പെടാത്ത തീക്കാറ്റാണ് ആഞ്ഞു വീശുന്നത്. മൂന്നു ലക്ഷം ജനസംഖ്യ.യുള്ള നഗരത്തില്‍ താമസം ദുസ്സഹമായിരിക്കുകയാണ്.

നിരവധി വീടുകളും കാറുകളും കത്തിനശിച്ചു, ടെല്‍ അവീവ്, ജെറുസലേം എന്നിവടങ്ങളിലേക്കുള്ള ഹൈവേകള്‍ ഇതിനെ തുടര്‍ന്ന് അടച്ചു. വെസ്റ്റ് ബാങ്കിലും തീ നാശം വിതച്ചിട്ടുണ്ട്. പലസ്തീന്‍ സിവില്‍ ഡിഫന്‍സ് തീ പടരാതിരിക്കാനുള്ള പ്രയത്‌നത്തിലാണ്.

തൊട്ടടുത്ത പ്രദേശങ്ങളായ ജെറുസലേം, വെസ്റ്റ് ബാങ്ക് എന്നിവടങ്ങളിലേക്കും തീക്കാറ്റ് പടരുമെന്ന ആശങ്കകള്‍ ഉണ്ട്. സൈപ്രസ്, റഷ്യ, ഇറ്റലി, ക്രൊയേഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ തീ കെടുത്തുന്ന വിമാനങ്ങളുടെ സേവനം ഇസ്രയേല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത് ബോധപൂര്‍വം ആരോ തീവെച്ചതാണെന്നാണ്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് നാല് പാലസ്തീനികളെ ഇസ്രയേല്‍ പോലീസ് അറസ്റ്റു ചെയ്തു. ഇസ്രേയല്‍ ഓണ്‍ ഫയര്‍ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വീഡിയോകളും വൈറലായിട്ടുണ്ട്. 2010 ല്‍ ഹൈഫയ്ക്ക് സമീപം മൗണ്ട് കാര്‍മലില്‍ സമാനമായ തീപിടിത്തത്തില്‍ 42 പേര്‍ മരിച്ചിരുന്നു.

ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, കാട്ടുതീയുടെ പുകശ്വസിച്ച് അവശ നിലയിലായ 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.


സംസ്ഥാനത്ത് തിങ്കളാഴ്ച എൽഡിഎഫ് ഹർത്താൽ

തിരുവനന്തപുരം∙ സഹകരണ ബാങ്ക് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ സിപിഎം തീരുമാനിച്ചു. 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്ന് സഹകരണ മേഖലയിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചത്. ഇടതുമുന്നണിയുടെ നേതൃത്വത്തിലായിരിക്കും ഹർത്താൽ.



Wednesday, 23 November 2016

നിരോധിച്ച നോട്ടുകള്‍ ഉപയോഗിക്കുന്നതിനുളള സമയം ഇന്ന് അവസാനിക്കും



ന്യൂഡല്‍ഹി:നിരോധിച്ച നോട്ടുകള്‍ ഉപയോഗിക്കുന്നതിന് അവശ്യ സര്‍വീസുകള്‍ക്ക് ആര്‍ബിഐ നല്‍കിയ ഇളവ് ഇന്ന് അവസാനിക്കും. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളത്തിലെ കൗണ്ടറുകള്‍ എന്നിവടങ്ങളിലെല്ലാം പഴയനോട്ടുകള്‍ ഉപയോഗിക്കുന്നതിന് ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവാണ് ഇന്ന് അവസാനിക്കുന്നത്. നോട്ടുകള്‍ പിന്‍വലിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ജനങ്ങളുടെ ദുരിതത്തിന് മാറ്റുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ നിരോധിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ അവശ്യ സര്‍വീസുകള്‍ക്ക് നല്‍കിയ ഇളവുകൂടി ഇല്ലാതാകുന്നതോടെ ജനങ്ങളുടെ ദുരിതം വര്‍ധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

നവംബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് പ്രഖ്യാപനം നടത്തിയത്. കള്ളനോട്ടും കള്ളപണവും തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്. എന്നാല്‍ തീരുമാനം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിരുന്നു. ഇയൊരു പശ്ചാത്തലത്തില്‍ കൂടിയാണ് അവശ്യ സേവനങ്ങള്‍ക്ക് അസാധു നോട്ട് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

അതേസമയം, 500 രൂപയുടെ പുതിയ നോട്ടുകള്‍ എ.ടി.എമ്മുകളിലത്തെിയിട്ടും നോട്ട് പ്രതിസന്ധിക്ക് അയവില്ല. ഏതാനും എസ്.ബി.ടി, എസ്.ബി.ഐ എ.ടി.എമ്മുകളിലാണ് ബുധനാഴ്ചയോടെ 500ന്റെ നോട്ടത്തെിയത്. മറ്റ് ബാങ്കുകളില്‍ വരുംദിവസങ്ങളില്‍ ഈസംവിധാനം വ്യാപിപ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അസാധുവാക്കിയ നോട്ടുകള്‍ ഡിസംബര്‍ 31 വരെ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാന്‍ സാധിക്കും.