വിജയവാഡ: മുസ്ലീം ജനവിഭാഗത്തെ ശാക്തീകരിക്കുകയും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈ പിടിച്ചുയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി ‘പ്രോഗ്രസ് പഞ്ചായത്ത്’ പദ്ധതിക്കു ഇന്ന് തുടക്കമാകും. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനം സംബന്ധിച്ച് കോഴിക്കോട് നടന്ന ദേശീയ കൗണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്.
ഭാരതീയജനതാപാര്‍ട്ടിയുടെ സൈദ്ധാന്തികനായിരുന്ന പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് മുസ്ലീം വിഭാഗങ്ങളെ വോട്ടിനു വേണ്ടിയുള്ള ഉപകരണങ്ങളായി കാണരുതെന്നും അവരുടെ ശാക്തീകരണം ആവശ്യമാണെന്നും പ്രീണിപ്പിക്കുകയോ, പീഡിപ്പിക്കുകയോ അല്ല, അവരെ ശാക്തീകരിക്കുകയാണാവശ്യം എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അവരെ സ്വന്തം സഹോദരങ്ങളായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീങ്ങള്‍ പാര്‍ട്ടിയില്‍ നിന്നോ, സര്‍ക്കാരില്‍ നിന്നോ അകന്നു നില്‍ക്കുകയാണെങ്കില്‍, സര്‍ക്കാര്‍ അവര്‍ക്കാവശ്യമായ ക്ഷേമപദ്ധതികളുമായി അവരെ അങ്ങോട്ടു സമീപിക്കുക എന്ന നയസിദ്ധാന്തമാണ് ഇതുവഴി കേന്ദ്രസര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഈ പദ്ധതിയെ മുസ്ലീം പഞ്ചായത്തെന്നു വിശേഷിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും, അതേസമയം സമൂഹത്തില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം നല്‍കി അവരെ പൊതുസമൂഹത്തോടു ചേര്‍ത്തു നിര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
മുന്‍കാല സര്‍ക്കാരുകള്‍ നടപ്പാക്കിയിരുന്ന പദ്ധതികള്‍ പോലെ ഇത് വോട്ടുബാങ്ക് ലക്ഷ്യം വച്ചുള്ള പദ്ധതിയല്ലെന്നും, ആവശ്യമുള്ളയിടങ്ങളില്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍, പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലുകള്‍ തുടങ്ങിയവ സ്ഥാപിച്ച് മുസ്ലീം സമൂഹത്തിന്റെ ശരിയായ ഉയര്‍ച്ചയും, വികസനവുമാണ് സര്‍ക്കാരിന്റെ ആത്യന്തികമായ ലക്ഷ്യമെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ മേല്‍നോട്ടത്തിലാവും പ്രോഗ്രസ് പഞ്ചായത്തുകള്‍ നടപ്പിലാക്കുക.
ബി.ജെ.പി സര്‍ക്കാര്‍ നയിക്കുന്ന ഹരിയാനയിലെ മേവത്തില്‍ പ്രോഗ്രസ് പഞ്ചായത്തിന്റെ ആദ്യ പദ്ധതി നിലവില്‍ വരും. തുടര്‍ന്നുള്ള രണ്ടു പഞ്ചായത്തുകള്‍ രാജസ്ഥാനിലും, മഹാരാഷ്ട്രയിലും ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഭാരതീയജനതാപാര്‍ട്ടിയുടെ നിര്‍ണ്ണായകമായ മുന്നേറ്റമായി ഇതിനെ രാഷ്ട്രീയനിരീക്ഷകര്‍ കാണുന്നു. അവരുടെ ക്ഷേമം മുന്നില്‍ക്കണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്നും വിലയിരുത്തപ്പെടുന്നു.
No comments:
Post a Comment