Thursday, 29 September 2016

സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് 'സ്‌പ്രേ ലഹരി'




കാസര്‍കോട്: ലഹരി ഗുളികകള്‍ക്ക് പിന്നാലെ സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് 'ലഹരി സ്‌പ്രേ' യും. വായിലേക്ക് അടിക്കുന്നതരത്തിലുള്ള ബോട്ടിലുകളിലാണ് ഇവ സ്‌കൂള്‍ പരിസരങ്ങളില്‍ വില്ക്കുന്നത്.

കാര്‍ട്ടൂണ്‍ കഥാപാത്രം 'ബെന്‍ടെന്‍' എന്ന പേരില്‍ 15 മില്ലിലിറ്റര്‍ പ്ലാസ്റ്റിക് ബോട്ടിലാണ് ഒരിനം. മറ്റൊന്ന് സൂപ്പര്‍ സ്‌പ്രേ' കാന്‍ഡി എന്നപേരിലാണ്. മുന്തിരിയുടേയും സ്‌ട്രോബറിയുടേയും രുചിഭേദങ്ങളിലാണ് ഇവ കുട്ടികളെ ലഹരിയില്‍ ചുറ്റിക്കുന്നത്.

കാഞ്ഞങ്ങാട്ട് ചില വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ഇടവേളസമയങ്ങളില്‍ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. അധ്യാപകര്‍ പോലീസിനെയും എക്‌സൈസിനെയും വിവരം അറിയിച്ചു. ചോദ്യംചെയ്യലിലും പരിശോധനയിലുമാണ് സ്‌കൂള്‍ പരിസരങ്ങളിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വില്പനക്കാര്‍ നിരീക്ഷണത്തിലാണ്.

വായുസഞ്ചാരമില്ലാത്ത ചില്ലുകുപ്പിയില്‍ ലഹരിഗുളിക വില്‍ക്കുന്നത് പിടിച്ചത് അടുത്തിടെയാണ്. കാസര്‍കോട് ജില്ലയിലെ വടക്കേ അതിര്‍ത്തിയിലെ സ്‌കൂള്‍ പരിസരത്തുനിന്നാണ് മിഠായി കിട്ടിയത്. കണ്ടാല്‍ ഹോമിയോഗുളിക പോലെ വെളുത്തിരിക്കും.

 

കുപ്പിയില്‍ പേരൊന്നും ഒട്ടിച്ചിട്ടില്ല. കുപ്പിസൂക്ഷിച്ച കവറിനുപുറത്ത് ഓറഞ്ചിന്റെയും സ്‌ട്രോബറിയുടെയും ചിത്രമായിരുന്നു. തുറന്നുവെച്ചാല്‍ വളരെ പെട്ടെന്ന് രാസപ്രവര്‍ത്തനം മൂലം പച്ചനിറമാവും. ഒരാഴ്ച കടന്നാല്‍ അത് ഉരുകിയൊലിക്കാനും തുടങ്ങും.

 

അതിഗുരുതരമായ ഈ ഗുളിക പരിശോധിക്കാനോ നടപടിയെടുക്കാനോ പോലീസ് ശ്രമിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്. ഉത്തര്‍പ്രദേശിലെ നോയിഡ, അലഹബാദ് എന്നിവിടങ്ങളില്‍നിന്നുള്ള പുതിയ പാന്‍ ഉത്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടിച്ചിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇതിന്റെയെല്ലാം പ്രധാന ഏജന്റുമാര്‍.

 

No comments:

Post a Comment