Tuesday, 20 September 2016

ഖബര്‍സ്ഥാനില്‍ സെല്‍ഫി; പുതിയ വിവാദം കത്തിപ്പടരുന്നു

കാസര്‍കോട്: ഖബര്‍സ്ഥാനില്‍ നിന്നും സെല്‍ഫിയെടുത്ത് അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവം പുതിയ വിവാദമായി കത്തിപ്പടരുന്നു. വിവാഹ ധൂര്‍ത്തിനും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റു ആഭാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ വന്‍ പ്രതിഷേധമുയരുന്നതിനിടെയാണ് ഖബര്‍സ്ഥാനിലെ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

ഇത്തരമൊരു സെല്‍ഫി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ഖബറിടത്തില്‍ ഇറങ്ങി മയ്യിത്തിനോടൊപ്പം സെല്‍ഫിയെടുക്കാതിരുന്നത് വലിയ ഭാഗ്യമെന്നാണ് ചിലരുടെ പരിഹാസം. വിവാഹ രാത്രിയില്‍ വരനെ നാടുകറക്കാന്‍ കൊണ്ടുപോയി പുലര്‍കാലത്ത് പോലീസ് പൊക്കിയ സംഭവം, കാസര്‍കോട് വാര്‍ത്ത പുറത്ത് വിട്ടതിനെ തുടര്‍ന്ന് വലിയ പ്രതികരണമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉണ്ടായത്. ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടിക്ക് പോലീസിന് 'ബിഗ് സല്യൂട്ട്' എന്നാണ് പലരും പ്രതികരിച്ചത്.

പണ്ഡിതര്‍ മുതല്‍ ജമാഅത്ത് കമ്മിറ്റികള്‍ വരെ പ്രത്യേകം യോഗം ചേര്‍ന്ന് ഇത്തരം കാര്യങ്ങള്‍ നിരുത്സാഹപ്പെടുത്തണമെന്ന് തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ജമാഅത്തുകള്‍ ഇപ്പോള്‍ തന്നെ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ അച്ചടിച്ച് വതരണം ചെയ്യാനും മഹല്ല് ജമാഅത്തുകള്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ട്. വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ ഖുതുബ പ്രസംഗത്തിലും ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പുതിയ വിവാദമായി ഖബര്‍സ്ഥാനിലെ സെല്‍ഫിയും ചര്‍ച്ചയായിരിക്കുന്നത്.

സെല്‍ഫിയെടുത്തവരുടെ ലക്ഷ്യവും ഉദ്ദേശ്യശുദ്ധിയുമാണ് പലരും ചോദ്യം ചെയ്യുന്നത്. നേരത്തെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ മരിച്ച ബന്ധുവിന്റെ മൃതദേഹത്തിനരികെ നിന്ന് സെല്‍ഫിയെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് വിശ്വാസ്യത ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന മീസാന്‍ കല്ലിനടുത്ത് നിന്ന് സെല്‍ഫിയെടുത്ത ചിത്രം വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. രണ്ട് ദിവസമായി ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

ഇത്തരം കാര്യങ്ങള്‍ നിരുത്സാഹപ്പെടുത്തണമെന്നാണ് പൊതുവെയുള്ള ആവശ്യം.

No comments:

Post a Comment