Wednesday, 28 September 2016

ബി.ജെ.പി സമ്മേളന നഗരിയിലെ മാലിന്യ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്ചെയ്ത വിദ്യാര്‍ഥിക്ക് ഭീഷണി

 ഷമീര്‍

പൂക്കോട്ടുംപാടം(മലപ്പുറം): പ്രധാനമന്ത്രി പങ്കെടുത്ത പൊതുയോഗത്തിനുശേഷം മാലിന്യം നിറഞ്ഞ സമ്മേളന നഗരിയുടെ വിഡിയോദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്ചെയ്ത വിദ്യാര്‍ഥിക്കുനേരെ ബി.ജെ.പിക്കാരുടെ ഭീഷണിയും പ്രകടനവും. കോഴിക്കോട് ജേണലിസം വിദ്യാര്‍ഥിയായ പൂക്കോട്ടുംപാടം സ്വദേശി ഷമീര്‍ കാസിമാണ് തെറിയഭിഷേകവും ഭീഷണിയും കൊണ്ട് പൊറുതിമുട്ടിയത്.
ബി.ജെ.പി ദേശീയ കൗണ്‍സിലിന്‍െറ ഭാഗമായി ശനിയാഴ്ചയായിരുന്നു കോഴിക്കോട് ബീച്ചില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രിമാരും പങ്കെടുത്ത പൊതുയോഗം നടന്നത്. പിറ്റേദിവസം രാവിലെ ബീച്ചിലത്തെിയ ഷമീര്‍ മാലിന്യം നിറഞ്ഞ സമ്മേളന നഗരിയുടെ ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ദൃശ്യം മൊബൈലില്‍ പകര്‍ത്തി ‘സ്വച്ഛ് ഭാരതിന്‍െറ പിതാവ് നരേന്ദ്ര മോദി വന്നതിനുശേഷം കോഴിക്കോട് കടപ്പുറം’ എന്ന കമന്‍േറാടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വിഡിയോ രണ്ടര ലക്ഷത്തോളംപേര്‍ കാണുകയും പതിനായിരത്തിലേറെ പേര്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി. 

ചില വെബ്സൈറ്റുകള്‍ ഈ പോസ്റ്റ് വാര്‍ത്തയാക്കുകകൂടി ചെയ്തതോടെ ഷമീറിന് ഭീഷണികളും തെറിയുമടങ്ങിയ കമന്‍റുകളുടെ പ്രവാഹവുമായി. ഞായറാഴ്ച ഉച്ചവരെ താന്‍ ബീച്ചില്‍ ഉണ്ടായിരുന്നുവെന്നും അതുവരെ ആരും മാലിന്യം നീക്കം ചെയ്യാനത്തെിയില്ളെന്നും ഷമീര്‍ പറയുന്നു. തിങ്കളാഴ്ച വീണ്ടും കടപ്പുറത്തത്തെിയ ഷമീര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് വീണ്ടും പോസ്റ്റിടുകയുണ്ടായി. 
ഇതിനിടെ ചൊവ്വാഴ്ച വൈകീട്ട് മുപ്പതോളം ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഷമീറിന്‍െറ വീടിനു സമീപത്തുകൂടി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രകടനം നടത്തി. കൈയും കാലും വെട്ടിക്കളയുമെന്ന് പ്രകടനക്കാര്‍ ആക്രോശിച്ചതായി ഷമീര്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. നരേന്ദ്രമോദിയെ അവഹേളിക്കുന്ന രീതിയില്‍ പോസ്റ്റിട്ട ഷമീറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അമരമ്പലം പഞ്ചായത്ത് കമ്മിറ്റിയാണ് പ്രകടനവും പ്രതിഷേധയോഗവും നടത്തിയത്. 
നടപടിയാവശ്യപ്പെട്ട് പൂക്കോട്ടുംപാടം പൊലീസില്‍ പരാതി നല്‍കാനത്തെിയെങ്കിലും എസ്.ഐ ഇല്ലാത്തതിനാല്‍ തിരിച്ചുപോവുകയായിരുന്നെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞു. ബി.ജെ.പി പ്രതിഷേധത്തിന് സി.പി. അരവിന്ദന്‍, കുന്നുമ്മല്‍ സന്തോഷ്, ഗിരീഷ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment