Wednesday, 28 September 2016

പിണറായിക്കെതിരേ സമരം ചെയ്യാന്‍ മുസ്‌ലിംലീഗിന് മുട്ടുവിറയ്ക്കുന്നു: നാസറുദ്ദീന്‍ എളമരം


മലപ്പുറം: സ്വന്തം പാര്‍ട്ടി അണികള്‍ അക്രമിക്കപ്പെട്ടാലും കൊല്ലപ്പെട്ടാലും പിണറായിക്കും അദ്ദേഹത്തിന്റെ പോലിസിനുമെതിരേ സമരം ചെയ്യാന്‍ മുസ്‌ലിംലീഗിന് മുട്ട് വിറയ്ക്കുകയാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. ഉണ്യാല്‍ സംഘര്‍ഷത്തില്‍ പ്രഖ്യാപിച്ച എസ്പി ഓഫിസ് മാര്‍ച്ചിന് പോലിസ് അനുമതി നിഷേധിച്ചതിന്റെ പേരില്‍ പിന്‍മാറിയ ലീഗ് നിലപാട് ഇതിനുദാഹരണമാണ്. ഉണ്യാല്‍ കടപ്പുറത്തെ അക്രമക്കേസുകളില്‍ പ്രതികളായ സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നടത്തിയ എസ്പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം പാര്‍ട്ടിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പോലും ലീഗിനാവുന്നില്ലെന്നതിന്റെ തെളിവാണ് ഉണ്യാലില്‍ കണ്ടത്. അക്രമക്കേസുകളില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പോലിസിനെ സിപിഎം തടയുകയാണ്. പോലിസ് സ്‌റ്റേഷനുകള്‍ പാര്‍ട്ടി ഓഫിസുകളാക്കുന്നത് അംഗീകരിക്കാനാവില്ല. ഇരകളാക്കപ്പെടുന്നവരുടെ മക്കളെ പ്രതികളാക്കി ജയിലിലടയ്ക്കുന്നത് നാട്ടില്‍ അരാജകത്വമുണ്ടാക്കും. പാര്‍ട്ടി അണികളെ അക്രമിക്കൂട്ടങ്ങളാക്കി വളര്‍ത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിലപാടുകള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തീരദേശത്ത് ശാശ്വത സമാധാനം സൃഷ്ടിക്കാന്‍ ജില്ലാഭരണകൂടം അടിയന്തര ഇടപെടല്‍ നടത്തണം. ഉണ്യാലില്‍ അക്രമത്തിന് ഇരകളായ മുഴുവന്‍ ആളുകള്‍ക്കും നഷ്ടപരിഹാരം നല്‍കണം. ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ എസ്ഡിപിഐ ഏതറ്റം വരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ഖജാഞ്ചി കെ പി ഒ റഹ്മത്തുള്ള, അഡ്വ. കെ സി നസീര്‍, ടി സിദ്ദീഖ്, പി ഫാത്തിമ ടീച്ചര്‍ സംസാരിച്ചു. രാവിലെ മലപ്പുറം പ്രസ് ക്ലബ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ജൂബിലി റോഡില്‍ പോലിസ് തടഞ്ഞു. മാര്‍ച്ചിന് എസ്ഡിപിഐ ജില്ലാ മണ്ഡലം ഭാരവാഹികളായ ടി എം ഷൗക്കത്ത്, പൂവില്‍ ബഷീര്‍, വി എം ഹംസ, പി ഉസ്മാന്‍, സി എച്ച് ബഷീര്‍, കെ അഷ്‌റഫ്, പി ഹനീഫഹാജി, എം എ ഖാദര്‍, ഡയമണ്ട് ബാപ്പു, എം പി മുജീബ്, കെ അബ്ദുറഹിമാന്‍ നേതൃത്വം നല്‍കി. ഉണ്യാലില്‍ അക്രമത്തിനിരകളായ വീട്ടമ്മമാരും യുവാക്കളും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. ഇരകള്‍ക്ക് നീതിയാവശ്യപ്പെട്ടും പ്രതികളെ പിടികൂടാന്‍ നടപടിയാവശ്യപ്പെട്ടും എസ്ഡിപിഐ നേതാക്കള്‍ ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയ്ക്ക് നിവേദനം നല്‍കി.

No comments:

Post a Comment