Tuesday, 20 September 2016

അധ്യാപികയെ നടുറോഡിലിട്ട് യുവാവ് കുത്തിക്കൊന്നു.

അധ്യാപികയെ നടുറോഡിലിട്ട് യുവാവ് കുത്തിക്കൊന്നു.

ന്യൂഡല്‍ഹി: രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന അധ്യാപികയെ വഴിയാത്രക്കാരുടെ കണ്‍മുന്നില്‍ നടുറോഡിലിട്ട് യുവാവ് കുത്തിക്കൊന്നു. പ്രതിയെ നാട്ടുകാര്‍ കീഴ്‌പെടുത്തി പോലീസിന്‌ െകെമാറി.

ഉത്തര ഡല്‍ഹിയിലെ ബുരാഡിയില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം. നോവല്‍ റീച്ചസ് സ്‌കൂള്‍ അധ്യാപിക കരുണ(21)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രോഹിണി സ്വദേശിയായ സുരേന്ദര്‍ സിങ് (34) ആണ് അറസ്റ്റിലായത്.

 

22 തവണയാണ് പ്രതി കരുണയെ കുത്തിയത്. പത്തിലേറെപ്പേര്‍ സംഭവത്തിന് ദൃക്‌സാക്ഷികളായി ഉണ്ടായിരുന്നെങ്കിലും ആരും യുവതിയുടെ രക്ഷയ്‌ക്കെത്തിയില്ലെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.

സന്ത് നഗര്‍ സ്വദേശി നരേഷിന്റെ മകളാണ് കരുണ. 24 മണിക്കൂറിനുള്ളില്‍ തലസ്ഥാനനഗരിയില്‍ യുവതി കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത് സ്‌കൂളിലേക്ക് നടന്നുപോകവേ പിന്നാലെ ബൈക്കിലെത്തിയ സുരേന്ദര്‍ സിങ് കരുണയെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട കരുണ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ നിലത്തുവീണു.

 

സുരേന്ദര്‍സിങ് ഉടനെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് തുടരെ കുത്തുകയായിരുന്നു. യുവതി മരിച്ചെന്ന് ഉറപ്പാക്കിയ ഇയാള്‍, സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയ്ക്കിടിച്ചു. മൃതദേഹത്തെ തൊഴിക്കുന്നതും സമീപത്തുള്ള സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ബൈക്കിനടുത്തേക്ക് നീങ്ങിയപ്പോഴാണ് സുരേന്ദര്‍ സിങ്ങിനെ ഏതാനുംപേര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി പോലീസിന് കൈമാറിയത്.

സുരേന്ദര്‍സിങ് നടത്തുന്ന കമ്പ്യൂട്ടര്‍ സെന്ററില്‍ നേരത്തേ കരുണ പരിശീലനത്തിനെത്തിയിരുന്നു. അന്നത്തെ പരിചയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷമായി ഇയാള്‍ കരുണയെ ശല്യപ്പെടുത്തിയിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. ആറുമാസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

പോലീസ് ഇരുകൂട്ടരെയും വിളിച്ച് പരാതി ഒത്തുതീര്‍പ്പാക്കി. തുടര്‍ന്ന് ഇയാളുടെ ശല്യമുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. തിങ്കളാഴ്ച ദക്ഷിണപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഇന്ദര്‍പുരിയില്‍ 32-കാരിയെ കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യ ചെയ്തിരുന്നു.

 

രണ്ട് കുട്ടികളുടെ അമ്മയായ ലക്ഷ്മിയെ കുത്തിക്കൊന്നശേഷമാണ് ടാക്‌സി ഡ്രൈവറായ സഞ്ജയ് കൈയുടെ ഞരമ്പ് മുറിച്ച് ജീവനൊടുക്കിയത്. അയല്‍വാസികള്‍ നോക്കിനില്‍ക്കെയാണ് ഇവിടെയും കൊല നടന്നത്.  

No comments:

Post a Comment