Monday, 5 December 2016

ജയലളിത മരണത്തിലേക്കോ?



ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്ഥിതി അതീവ ഗുരുതരനിലയില്‍ തന്നെ തുടരുകയാണെന്ന് വ്യക്തമാക്കി ലണ്ടനിലെ ഡോക്ടറുടെ സന്ദേശം. അപ്രതീക്ഷിത ഹൃദയ സ്തംഭനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചെന്നും എന്തും സംഭവിക്കാമെന്നുമാണ് ഡോ. റിച്ചാര്‍ഡ് ബെയ്‌ലി അറിയിച്ചത്. ലണ്ടനില്‍ നിന്നുളള ഡോക്ടറാണ് റിച്ചാര്‍ഡ് ബെയ്ല്‍. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് അപ്പോളോ ആശുപത്രി അധികൃതര്‍ ജയലളിതയെ ചികിത്സിക്കുന്നത്. ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നു. ഇസിഎംഒ സംവിധാനത്തിലാണ് ആരോഗ്യം നിലനിര്‍ത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വലിയ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോഴും ജയലളിത. ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത് കൃത്രിമ ഉപകരണത്തിന്റെ സഹായത്താലാണെന്നും ലണ്ടനില്‍ നിന്നുളള ഡോ. റിച്ചാര്‍ഡ് ബെയ്‌ലിന്റെ നിര്‍ദേശ പ്രകാരമാണ് ചികിത്സ നടക്കുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ഡല്‍ഹി എയിംസില്‍ നിന്നും നാലു വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘവും അപ്പോളയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ശ്വാസകോശത്തിലുണ്ടായ അണുബാധയും പ്രമേഹവുമാണ് ജയലളിതയുടെ ചികിത്സയ്ക്ക് തടസമാകുന്നത്. ഇതുമൂലം ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ജയലളിതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് അപ്പോളോ ആശുപത്രി അധികൃതരുടെ ട്വീറ്റ്.

ജയലളിത അപകടനില തരണം ചെയ്തതായും സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രി ജെ.പി നദ്ദ രാവിലെ അറിയിച്ചിരുന്നു. അപ്പോളോ ആശുപത്രി അധികൃതരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അവരില്‍ നിന്നാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ ഇക്കാര്യം അദ്ദേഹം ധരിപ്പിക്കുകയും ചെയ്തു. ജയലളിതയെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായും എഐഡിഎംകെ വക്താവ് സി.ആര്‍ സരസ്വതിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആശുപത്രി അധികൃതരുടെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം നിരവധി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുളളവര്‍ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. തമിഴ്‌നാട് ഗവര്‍ണര്‍ ആശുപത്രിയില്‍ എത്തി ആശുപത്രി അധികൃതരെ കണ്ട് മടങ്ങിയിരുന്നു. കൂടാതെ അടിയന്തര മന്ത്രിസഭായോഗവും ആശുപത്രിയില്‍ ചേരുന്നുണ്ട്. ഗവര്‍ണര്‍ ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കുമെന്നാണ് അറിയുന്നത്. തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ജയലളിതയ്ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.

ഇന്നലെ വൈകിട്ട് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായ ശേഷം ആയിരക്കണക്കിന് ‘അമ്മ’ അനുയായികളാണ് അപ്പോളോ ആശുപത്രി പരിസരത്തേക്ക് ഒഴുകിയെത്തുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും അതീവ സുരക്ഷയാണ് തമിഴ്‌നാട്ടിലെങ്ങും ഒരുക്കിയിരിക്കുന്നതും. കര്‍ണാടക ബസിനു നേരെ തമിഴ്‌നാട്ടില്‍ കല്ലേറ് ഉണ്ടായിട്ടുണ്ട്. നിയന്ത്രണം വിട്ട ബസ് ലോറിയില്‍ ഇടിച്ച് ബസിന് സാരമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കുളള മുഴുവന്‍ കര്‍ണാടക ബസുകളും താത്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. ഡിഎംകെയുടെ പാര്‍ട്ടി ആസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment