ന്യൂഡല്‍ഹി > പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കുള്ള ശിക്ഷ 500 രൂപ പിഴയിലൊതുങ്ങും. പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 1950ലെ നിയമപ്രകാരമാണ് 500 രൂപ പിഴയിട്ടത്. ഈ പിഴ മാത്രം ഈടാക്കി റിലയന്‍സ് ജിയോയ്ക്കെതിരായ നിയമനടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഉപയോഗിച്ച് വ്യാപകമായി പരസ്യം നല്‍കിയിരുന്നു. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്കും കാരണമായി. ഇത് സംബന്ധിച്ച് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനാണ് പിഴ ശിക്ഷ സംബന്ധിച്ച മറുപടി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് നല്‍കിയത്. എഴുതിത്തയാറാക്കി നല്‍കിയ മറുപടിയിലാണു പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 1950ലെ നിയമം റാത്തോഡ് ചൂണ്ടിക്കാട്ടിയത്. ഇത്തരം കേസുകളില്‍ ഈടാക്കാവുന്ന പരമാവധി പിഴ 500 രൂപയാണ്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനു പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച വിവരം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് സഹമന്ത്രി അറിയിച്ചു. സമാജ്വാദി പാര്‍ട്ടി എംപി നീരജ് ശേഖറാണ് ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. 500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഡിജിറ്റല്‍ പണമിടപാട് ആപ്ളിക്കേഷനായ പേടിഎമ്മും പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
സ്വകാര്യ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ പ്രധാനമന്ത്രിയെ അനുവദിക്കുന്ന നിയമം നിലവിലുണ്ടോ എന്നും ഇക്കാര്യത്തില്‍ റിലയന്‍സ് ജിയോ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിനെതിരെ പ്രധാനമന്ത്രിയുടെ ഓഫിസ് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നുമായിരുന്നു ശേഖര്‍ ഗുപ്തയുടെ ചോദ്യം.
No comments:
Post a Comment