Sunday, 22 January 2017

കൊല്‍ക്കത്ത ഏകദിനം: ഇന്ത്യക്ക് തോല്‍വി


കൊല്‍ക്കത്ത: കൊല്‍ക്കത്ത ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ടിനോട് അഞ്ച് റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 321 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 9 വിക്കറ്റിന് 316 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

അവസാന ഓവര്‍ വരെ പൊരുതി നോക്കിയെങ്കിലും ഇന്ത്യയ്ക്ക് തോല്‍വി ഒഴിവാക്കാനായില്ല. 75 പന്തില്‍ 90 റണ്‍സെടുത്ത കേദാര്‍ ജാദവാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.  ക്യാപ്റ്റര്‍ വിരാട് കോഹ്ലി 55ഉം ഹാര്‍ദിക് പാണ്ഡ്യ 56ഉം റണ്‍സ് നേടി. ഇതോടെ മൂന്ന് മല്‍സരങ്ങളുള്ള പരമ്പര 2-1 ന് അവസാനിച്ചു.

 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത അമ്പത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ജേസണ്‍ റോയ് (65), ജോണി ബെയര്‍സ്‌റ്റോ (56), ബെന്‍ സ്‌റ്റോക്‌സ് (39 പന്തില്‍ 57) എന്നിവരുടെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി ഹാര്‍ദിക പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി.

ജെയ്‌സണ്‍ റോയിയും സാം ബില്ലിങ്‌സും ചേര്‍ന്ന് ഇംഗ്ലണ്ടിനായി മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റ് വീണത് 18ാം ഓവറിലാണ്. വളരെ ശ്രദ്ധയോടെ ബാറ്റു വീശിയ ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 98 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 35 റണ്‍സെടുത്ത ബില്ലിങ്‌സിന്റെ വിക്കറ്റ് വീഴ്ത്തി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ 56 പന്തില്‍ 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 65 റണ്‍സെടുത്ത ജെയ്‌സണെയും ജഡേജ മടക്കി. 

ഈ അടിത്തറ തകരാതെ ഇംഗ്ലണ്ടിന്റെ മധ്യനിര സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോയി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ മോര്‍ഗനും ബെയര്‍സ്‌റ്റോയും 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ഏഴാം വിക്കറ്റില്‍ ക്രിസ് വോക്‌സിനെ കൂട്ടുപിടിച്ച് ബെന്‍ സ്റ്റോക്‌സ് 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 300 കടത്തുകയായിരുന്നു. അവസാന ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച വോക്‌സും പ്ലങ്കറ്റും പുറത്തായെങ്കിലും ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലെത്തിയിരുന്നു. സ്റ്റോക്‌സ് 57 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

കഴിഞ്ഞ രണ്ടു ഏകദിനങ്ങളിലും ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പര നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ടെസ്റ്റ് പരമ്പരയും കൈവിട്ട ഇംഗ്ലണ്ടിന് ആശ്വാസമായി ഈ വിജയം. ടൂര്‍ണമെന്റിലെ ആദ്യ ട്വന്റി ട്വന്റി മല്‍സരം ഈ മാസം 26-ന് നടക്കും.

No comments:

Post a Comment